ന്യൂഡൽഹി : ഇ- കൊമേഴ്സ് രംഗത്ത് നൂറുശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി. മാർക്കറ്‍റ് പ്ളേസ് മോഡൽ ഇ- കൊമേഴ്സ് മേഖലയിലാണ് നിക്ഷേപത്തിന് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.
അതിവേഗം വളരുന്ന ഇ- കൊമേഴ്സ് രംഗത്തിന് കരുത്ത് പകരുക എന്ന ഉദ്ദേശത്തോടെയാണ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷപത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പ് പുറത്തുവിട്ട മാർഗനിർദ്ദേശം അനുസരിച്ച് മാർക്കറ്‍റ് പ്ളേസ് മോഡൽ ഇ- കൊമേഴ്സ് മേഖലയിലാണ് 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി.
തദ്ദേശീയ വിൽപ്പനക്കാരുടെ ഉൽപ്പന്നങ്ങൾക്കുകൂടി വിപണന സൗകര്യം ഒരുക്കുന്നതാണ് മാർക്കറ്റ് പ്ളേസ് മോഡൽ. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഓൺലൈൻ പ്ളാററ് ഫോം ഒരുക്കുകയാണ് കമ്പനി ചെയ്യുക. ഇ- കൊമേഴ്സ് രംഗത്തെ പ്രമുഖരായ ആമസോൺ, ഇ-ബേ, തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ മാർക്കറ്‍റ് പ്ളേസ് മോഡൽ വിപണനമാണ് നടത്തുന്നത്.
ഫ്ളിപ് കാർട്ട് സ്നാപ് ഡീൽ തുടങ്ങിയ കമ്പനികൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ ഇല്ലാതെ തന്നെ വിദേശ നിക്ഷേപം സ്വീകരിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പ് പുതിയ മാർഗനിർദ്ദേശം പുറത്ത് വിട്ടത്.
ഇൻവെന്‍ററി മോഡൽ ഇ-കൊമേഴ്സിന് വിദേശ നിക്ഷേപ അനുമതി ഇല്ലെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ബിസിനസ് ടു ബിസിനസ് ഇ- കൊമേഴ്സിന് മാത്രമായിരുന്നു 100 ശതമാനം വിദേശ നിക്ഷപത്തിന് അനുമതി ഉണ്ടായിരുന്നത്.