കോന്നി : റവന്യൂ മന്ത്രി അടൂർ പ്രകാശിന് കോന്നിയിൽ സീറ്‍റ് ലഭിച്ചേക്കില്ല.മെത്രാൻകായൽ വിവാദം അടക്കമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ച അടൂർ പ്രകാശ് കോന്നിയിൽ മത്സരിച്ചാൽ സംസ്ഥാന വ്യാപകമായി കോൺഗ്രസിനു തിരിച്ചടിയാകുമെന്ന സുധീരന്‍റെ നിലപാടാണ് അടൂർ പ്രകാശിന് വിലങ്ങുതടിയായി ആയത്.പത്തനംതിട്ട ഡി സി സി പ്രസിഡന്‍റ് പി. മോഹൻ രാജിനെയാണ് കോന്നിയിൽ പകരം പരിഗണിക്കുന്നത്.
യുഡിഎഫ് മന്ത്രിസഭയുടെ അവസാനസമയത്ത് ഭൂമിനികത്തലടക്കം വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച റവന്യൂ മന്ത്രി അടൂർ പ്രകാശിനെതിരെ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരൻ കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. സുധീരന് എതിരെ അടൂർ പ്രകാശ് ഫെയ്സ് ബുക്ക് പോസ്റ്‍റിലൂടെ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു,ഇതിന്‍റെ പരിണിത ഫലമാണ് കോന്നിയിൽ അടൂർ പ്രകാശിന് സീറ്‍റ് നിഷേധിക്കാനുള്ള നീക്കങ്ങൾ ശക്തമായത്.
വലിയ വിവാദങ്ങൾ ഉണ്ടാക്കിയ മന്ത്രിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയാൽ സംസ്ഥാന വ്യാപകമായി കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടി ഉണ്ടാകുമെന്ന് വിഎം സുധീരൻ എഐസിസിയെ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ സ്ക്രീനിംഗ് കമ്മിറ്‍റിയിലും അടൂർ പ്രകാശിന്‍റെ സ്ഥാനാർത്ഥിത്വത്തെ സുധീരൻ ശക്തമായാണ് എതിർത്തത്.
കോന്നിയിൽ ഡിസിസി പ്രസിഡന്‍റ് പി.മോഹൻ രാജ് മത്സരിക്കണമെന്നാണ് സുധീരൻ നിർദേശിച്ചത്. പ്രൊഫ. പിജെ കുര്യനും മോഹൻ രാജിന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടൂർ പ്രകാശിന് സീറ്‍റ് ലഭിക്കില്ലെന്ന് ഏറെകുറെ ഉറപ്പാണ്. അങ്ങനെയെങ്കിൽ കോന്നിയിലെ കോൺഗ്രസിൽ കൂട്ട രാജിക്കും സാധ്യത കൂടുതലാണ്.