ന്യൂഡൽഹി : പഠാൻ കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻ മൗലാനാ മസൂദ് അസർ പാകിസ്ഥാനിൽ കരുതൽ തടങ്കലിലാണെന്ന വിവരം പാകിസ്ഥാൻ അന്വേഷണ സംഘം സ്ഥിരീകരിച്ചതായി സൂചന. എൻ.ഐ.എ സംഘവുമായി വിവിധ ഘട്ടങ്ങളിലായി നടത്തിയ കൂടീക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നൽകിയത്.എൻ.ഐ.എ ഉദ്യോഗസ്ഥരും പാകിസ്ഥാൻ സംഘവും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.
അതേസമയം പാകിസ്ഥാനിൽ പിടിയിലായത് ഇന്ത്യൻ ചാരനാണെന്നാരോപിച്ച് പാകിസ്ഥാൻ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ ഇത് യാതൊരു വിധത്തിലും ബാധിക്കില്ല. ഭാരതത്തെ അപകീർത്തിപ്പെടുത്താനാണ് പാകിസ്ഥാൻ പുതിയ കഥകൾ മെനഞ്ഞെടുക്കുന്നതെന്നും മന്ത്രി വിമർശിച്ചു.