ബ്രസീലിയ : ബ്രസീലിൽ ദിൽമ റൂസഫ് സർക്കാരിന്‍റെ ഭാവി ആശങ്കയിലാക്കി രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ പി.എം.ഡി.ബി, ഭരണസഖ്യത്തിൽ നിന്ന് പിൻമാറി. അഴിമതി ആരോപണങ്ങൾ നേരിടുന്ന പ്രസിഡന്‍റ് ദിൽമ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികൾ ഇതോടെ വേഗത്തിലാകാനാണ് സാധ്യത.
ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന ബ്രസീലിലെ ഇടതുസർക്കാർ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലാണ് മന്ത്രിസഭയിലെ ആറ് മന്ത്രിമാരെ കൂടി പിൻവലിക്കാൻ ബ്രസീലിയൻ ഡെമോക്രാറ്റിക് മൂവ്മെന്റ് പാർട്ടി തീരുമാനിച്ചത്. പാർലമെന്‍റ് അംഗവും, ടൂറിസം മന്ത്രിയുമായ എൻറികെ ആൽവസ് രാജിവെച്ചതിന് തൊട്ടുപിറകെയായിരുന്നു കടുത്ത നടപടി. രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ പെട്രോബ്രാസിൽ നടന്ന വൻ അഴിമതിയിൽ ദിൽമയ്‌ക്കും പങ്കുണ്ടെന്ന ആരോപണം ഈയിടെ ശക്തമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബജറ്റിനായി നീക്കിവെച്ച തുക വകമാറ്റി ചെലവഴിച്ചതും അവർക്ക് വിനയായി. ഭരണസഖ്യത്തിലെ പ്രധാന കക്ഷി പീൻമാറിയതോടെ പ്രസിഡന്റ് ദിൽമ റൂസഫ് ഉടൻ ഇംപീച്ച്മെന്‍റിന് വിധേയയാകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. റൂസഫിനെതിരായ വിചാരണ നടപടികൾ രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് പി.എം.ഡി.ബിയുടെ ശ്രമം. ദിൽമ സ്ഥാനം ഒഴിയുന്നതോടെ, നിലവിലെ വൈസ് പ്രസിഡന്‍റ് മൈക്കൽ ടെമർ സ്വാഭാവികമായും അടുത്ത പ്രസിഡന്റാകും.
ഭരണകക്ഷിയായ വർക്കേഴ്‍സ് പാർട്ടിയുടെ ഉന്നത നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ, ബ്രസീലിൽ വർഷങ്ങളായി ഭരണം തുടരുന്ന ഇടതുകക്ഷിയ വർക്കേഴ്‍സ് പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരുന്നു.