കോഴിക്കോട് : കോഴിക്കോട് വടകരയിലെ സാന്റ് ബാങ്കില്‍ സദാചാര ഗുണ്ടാആക്രമണത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത സ്ഥലം എസ്.ഐ യെ സ്ഥലം മാറ്റി. സംഭവത്തില്‍ രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയും ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കകുയും ചെയ്ത എസ്.ഐ പി.സി ഹരീഷിനെയാണ് സ്ഥലം മാറ്റിയത്.
കഴിഞ്ഞ ദിവസം ഹോളി ആഘോഷിക്കാന്‍ വടകര സാന്റ് ബാങ്കിലെത്തിയ എന്‍.ഐ.ടി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെയും, പള്ളൂര്‍ സ്വദേശി നിഖിലിനെയും ആക്രമിച്ച സദാചാര ഗുണ്ടകള്‍ക്കെതിരെയാണ് എസ്.ഐ പി.സി ഹരീഷ് ശക്തമായ നടപടി സ്വീകരിച്ചത്. നിഖിലിനെ മര്‍ദ്ദിച്ചവശാനാക്കുകയും പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിടുകയും ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
അടുത്തിടെ സഹ പാഠിയായ മുസ്ലിം പെണ്‍കുട്ടിയോടൊപ്പം യുവാവ് സഞ്ചരിച്ചതിന്റെ പേരില്‍ നാദാപുരത്ത് സമാനമായ ആക്രമണം നടന്നിരുന്നു. ഇതില്‍ പോലിസ് കാര്യമായ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മലബാര്‍ മേഖലയില്‍ സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപകമാവുമ്പോള്‍ ലീഗ് നേതൃത്വം ഇടപെട്ട് കേസ് അട്ടി മറിക്കുന്നതിന്റെ സൂചനയാണ് നടപടി എടുത്ത പോലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം.
യാക്കൂബ് മേമന്റെ വധത്തില്‍ പ്രതിഷേധിച്ച് വടകര വില്ല്യപ്പള്ളിയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനം പോലീസ് തടഞ്ഞതും ഇപ്പോഴത്തെ പ്രതികാര നടപടിക്കു കാരണമായി. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അട്ടിമറിച്ചാണ് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പോലീസുദ്ദ്യോഗസ്ഥനെ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.
കോഴിക്കോട് സൈബര്‍ സെല്ലിലേക്കാണ് എസ്.ഐ പി.സി ഹരീഷിന്റെ പുതിയ നിയമനം.