വര്‍ക്കല : വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ വധിച്ച കേസില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന നേതാക്കളടക്കമുള്ള ഏഴുപ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. ഇതില്‍ ആറു ലക്ഷം രൂപ മരണപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിനാണ് നല്‍കേണ്ടത്.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഡിഎച്ച്ആര്‍എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്മാന് ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്, സജി, തൊടുവേല സുധി, വര്‍ക്കല സുധി, സുനി എന്നിവരെയാണ് ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊലപാതകം, ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ആറു പേരെ വെറുതേ വിട്ടു. 2009 മാര്‍ച്ച് 23 നാണ് വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ പ്രതികള്‍ വെട്ടിക്കൊന്നത്. സമീപത്ത് ചായക്കട നടത്തുകയായിരുന്ന അശോകനെ വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് സംഘങ്ങളായി തിരിഞ്ഞു നടത്തിയ ആക്രമണങ്ങളിലാണു ശിവപ്രസാദ് കൊല്ലപ്പെട്ടത്.
ഡി എച്ച് ആര് എം എന്ന സംഘടനയുടെ വരവറിയിക്കാന്‍ വേണ്ടിയാണ് യാതൊരു മുന്‍ വൈരാഗ്യവുമില്ലാതെ ശിവപ്രസാദിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്.