നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസം തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. ആകെയുളള 126 ൽ, 65 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച്ച വോട്ടെടുപ്പ്.
126 നിയമസഭാ മണ്ഡലങ്ങളുള്ള അസമിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച 65 മണ്ഡലങ്ങളിലാണ് പോളിംഗ്. 11ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 61 മണ്ഡലങ്ങൾ ബൂത്തിലേത്ത് പോകും.
ബിജെപി 80 സീറ്റിലും, കോൺഗ്രസ് 122 സീറ്റിലും എജെപി 25 ഇടത്തും, ബിപിഎഫ് 13 സീറ്റിലും മത്സരിക്കുന്നു.
പതിനഞ്ച് വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന തരുൺ ഗൊഗോയിയുടെ നേതൃത്വത്തിൽ ഭരണം നിലനിർത്താൻ കോൺഗ്രസും, ചരിത്രത്തിൽ ആദ്യമായി ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് അസമിൽ പ്രധാന മത്സരം.
കേന്ദ്ര മന്ത്രി സർബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റിൽ ഏഴും സ്വന്തമാക്കി ബിജെപി എതിരാളികളെ ഞെട്ടിച്ചിരുന്നു. ഈ പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ പ്രചരണ പരിപാടികൾക്ക് ആവേശം പകർന്ന് നിരവധി തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ തേയില തൊഴിലാളികളുടെ പ്രശ്നങ്ങളും വികസന മുരടിപ്പുമാണ് നരേന്ദ്രമോദിയുടെ പ്രചാരണ വിഷയമായത്.
ബംഗ്ലാദേശിൽ നിന്നുളള നുഴഞ്ഞുകയറ്റം തടയാൻ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പ് റാലികളിൽ കുറ്റപ്പെടുത്തി. കോൺഗ്രസിനായി സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രചരണത്തിന് എത്തിയിരുന്നു.
ഈയിടെ പുറത്ത് വന്ന അഭിപ്രായ സർവ്വേ ഫലങ്ങൾ സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുമെന്ന് അഭിപ്രായപ്പെടുന്നു. ഇത് ബിജെപി ക്യാമ്പുകൾക്ക് ആവേശം പകരുന്നുണ്ട്. വോട്ടെടുപ്പിനായുള്ള ഒരുക്കുങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.