നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിലേയും പശ്ചിമബംഗാളിലേയും ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. തിങ്കളാഴ്ചയാണ് ഇരുസംസ്ഥാനങ്ങളിലും ആദ്യഘട്ട വോട്ടെടുപ്പ്. പോളിംഗിനായി കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
126 നിയമസഭാ മണ്ഡലങ്ങളുള്ള അസമിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച 65 മണ്ഡലങ്ങളിലാണ് പോളിംഗ്. 11ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ, 61 മണ്ഡലങ്ങളിലെ വോട്ടർമാർ ബൂത്തിലേത്ത് പോകും.
ബിജെപി 80 സീറ്റിലും, കോൺഗ്രസ് 122 സീറ്റിലും എജിപി 25 ഇടത്തും, ബിപിഎഫ് 13 സീറ്റിലും മത്സരിക്കുന്നു. പതിനഞ്ച് വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന തരുൺ ഗൊഗോയിയുടെ നേതൃത്വത്തിൽ ഭരണം നിലനിർത്താൻ കോൺഗ്രസും, ചരിത്രത്തിലാദ്യമായി ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് അസമിൽ പ്രധാന പോരാട്ടം. കേന്ദ്ര മന്ത്രി സർബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് ബിജെപി സഖ്യം അധികാരത്തിലേറുമെന്നാണ് വിവിധ അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.
പശ്ചിമ ബംഗാളിലെ 295 അംഗ നിയമസഭയിലെ 18 മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ്. 296 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. പശ്ചിമ മിഡ്നാപൂരിലെ ആറും, പുരുളിയയിലെ ഒമ്പതും, ബാങ്കുറയിലെ മൂന്നും മണ്ഡലങ്ങളിലെ ജനങ്ങളാണ് തിങ്കളാഴ്ച ബൂത്തിലെത്തുക. തൃണമൂൽ കോൺഗ്രസും, സിപിഎം-കോൺഗ്രസ് സഖ്യവും, ബിജെപിയും ശക്തമായ പ്രചരണമാണ് നടത്തുന്നത്. വോട്ടെടുപ്പിനായുള്ള ഒരുക്കുങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുരക്ഷയ്ക്കായി 350 കമ്പനി കേന്ദ്ര സേനയെയാണ് മണ്ഡലങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷകരെയും, സിസിടിവി ക്യാമറകളും സ്ഥാപിച്ചതായും കമ്മീഷൻ അറിയിച്ചു.