വാഷിംഗ്ടണ്‍: ആണവ സുരക്ഷാ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആണവ സുരക്ഷയും, ആഗോള ഭീകരവാദത്തെ ചെറുക്കുന്നതുമടക്കമുള്ള സുപ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ആണവ സുരക്ഷാ ഉച്ചകോടിയുടെ രണ്ടാം ദിനത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേ എന്നിവരടക്കം പ്രമുഖ ലോക നേതാക്കളുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയത്. ആണവ സുരക്ഷ, ആഗോള ഭീകരവാദം ചെറുക്കുക എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇന്ത്യ സന്ദർശിക്കാനുളള നരേന്ദ്ര മോദിയുടെ ക്ഷണം കനേഡിയൻ പ്രധാനമന്ത്രി സ്വീകരിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ വ്യാപര ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിൽ 800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും കനേഡിയൻ പ്രധാനമന്ത്രി ഉറപ്പുനൽകി. അർജന്റീനിയൻ പ്രസിഡന്റ് മൗറിഷിയോ മാക്രി, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ, സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജൊഹാൻ ഷ്വനീഡർ എന്നിവരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.