പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പാളിനെതിരെ ഇടതുപക്ഷ സംഘടന പ്രതീകാത്മക ശവമടക്ക് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു . 26 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങിയ പ്രിൻസിപ്പൽ ഡോ. എൻ സരസുവിന് നേരെയാണ് നിന്ദ്യമായ പ്രതിഷേധം അരങ്ങേറിയത് .
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡോ.സരസു ഉൾപ്പെടെ നാലു പേർ വിരമിച്ചത്. കോളേജിൽ നടന്ന സംഘർഷങ്ങളിൽ പങ്കാളിയായ വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തതാണ് പ്രിൻസിപ്പാളിന് നേരെ നീചമായ പ്രതിഷേധം ഉയർത്താൻ കാരണമായത്. കോളേജിലെ ഇടതുപക്ഷ സംഘടനകൾക്കും പ്രിൻസിപ്പാളിനോട് എതിർപ്പുണ്ട്.
കുഴിമാടം പോലെ മണ്ണുയർത്തി വച്ച് ചന്ദനത്തിരി കത്തിച്ചു വച്ചാണ് പ്രതീകാത്മക ശവമടക്ക് നടത്തിയത് . 26 വർഷത്തെ പഴമ്പുരാണത്തിന് വിരാമം എന്നെഴുതിയ പോസ്റ്ററും ഒരു റീത്തും കുഴിമാടത്തിൽ വച്ചിരുന്നു. തുടർന്ന് മറ്റ് വിദ്യാർത്ഥികൾ ഇത് തകർത്തു. സംഭവത്തിന് പിന്നിൽ എസ് എഫ് ഐ ആണെന്നാണ് ആരോപണം . ഗുരുവിന് ശവമഞ്ചമൊരുക്കിയ എസ് എഫ് ഐയുടെ നടപടി അവരുടെ സംസ്കാരം തുറന്ന് കാട്ടുന്നതാണെന്ന് എ ബി വി പി പറഞ്ഞു.