ന്യൂഡൽഹി: ആദ്യ ഘട്ട വോട്ടെടുപ്പിൽ, മുഖ്യമന്ത്രി തരുൺ ഗൊഗോയി, സർബാനന്ദ സോനാവാൾ തുടങ്ങിയ പ്രമുഖരാണ് അസമിൽ ജനവിധി തേടുന്നത്. മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനാൽ ബംഗാളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.
18 മണ്ഡലങ്ങളിൽ നിന്ന് 133 സ്ഥാനാർത്ഥികളാണ് ഇന്ന് പശ്ചിമബംഗാളിൽ ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വന് അക്രമവും വ്യാപകമായ ബൂത്തുപിടിത്തവും കള്ളവോട്ടും നടന്ന പശ്ചാത്തലത്തിലാണ് ഇത്തവണ നിരവധിഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്.
4945 പോളിംഗ് ബൂത്തുകളിലായി നാൽപ്പത് ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. സംസ്ഥാന ഗോത്രക്ഷേമ മന്ത്രിയും തൃണമൂൽ നേതാവുമായ സുകുമാർ ഹൻസ്ദ, സിപിഎം മുൻ ലോക് സഭാംഗം ഡോ.പുലിൻബിഹാരി ബിസ്കെ തുടങ്ങിയ പ്രമുഖരുടെ വിധി ഇന്ന് നിർണയിക്കപ്പെടും.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖർ ബിജെപിക്കായി വോട്ട് ചോദിച്ച് സംസ്ഥാനത്തെത്തിയപ്പോൾ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധിയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തി. വോട്ടെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളിൽ 13 ഉം മാവോയിസ്റ്റ് സ്വാധീന മേഖകളിൽ പെട്ടവയായതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അസമിൽ 43 വനിത സ്ഥാനാർത്ഥികൾ ഉൾപ്പെടെ 539 പേരാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി തരുൺ ഗൊഗോയിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും കേന്ദ്ര കായിക മന്ത്രിയുമായ സർബാനന്ദ സോനാവാളുമാണ് മത്സരരംഗത്തുള്ളവരിൽ പ്രമുഖർ. തരുൺ ഗൊഗോയി തിത്തോവാർ മണ്ഡത്തിൽ നിന്നും സർബാനന്ദ സോനാവാൾ മജൗലിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. സർക്കാരിന്റെ ഭരണപരാജയം ബിജെപി പ്രചരണായുധമാക്കിയപ്പോൾ, കേന്ദ്ര സർക്കാരിനെ വിമർശിച്ചാണ് കോൺഗ്രസ് വോട്ടുതേടിയത്.