കൊല്ലം: മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയടുക്കുമ്പോള്‍ ആര്‍എസ്പി നിരയിലെ കാരണവര്‍ വി.പി.രാമകൃഷ്ണ പിള്ളയുടെ മനസ്സു നിറയെ നായനാരുടെ കാലഘട്ടമാണ്. എന്തും വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ആലോചിച്ചു ചെയ്യുന്ന വ്യക്തിയായിരുന്നു നായനാരെന്ന് വിപിആര്‍ ഓര്‍ക്കുന്നു. ഇരവിപുരത്ത് നിന്നും ജനവിധി തേടിയെങ്കിലും നായനാരെ അധികാരത്തിലെത്തിക്കാന്‍ സംസ്ഥാനം മുഴുവന്‍ ഓടി നടന്ന് പ്രചരണം നയിക്കുകയും ചെയ്തു വിപിആര്‍.
ഓര്‍മ കുറേശ്ശെ മങ്ങി വരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇടത് രാഷ്‌ട്രീയത്തിലെ സുപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന അണികളുടെ വിപിആറിന് രാഷ്‌ട്രീയം പറയുമ്പോള്‍ നൂറ് നാവ്. ആര്‍എസ്പി വലത്മുന്നണിയിലേക്ക് പോയെങ്കിലും വിപിയുടെ മനസ്സിപ്പോഴും ഇടതിനൊപ്പം. തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യമെത്തിയത് നായനാരുടെ പേര്. നായനാരെ മുഖ്യമന്ത്രിയായിക്കാണാന്‍ ആഗ്രഹിച്ച് ഊണും ഉറക്കവും ഒഴിച്ചുള്ള പ്രചരണവും, വിജയവും ഇന്നലെ നടന്നെന്ന പോലെ ഓര്‍ത്തെടുത്തു.
എന്തും എല്ലാവരോടും ആലോചിച്ച് ചെയ്യുന്ന വ്യക്തിയായിരുന്നു നായനാര്‍. അക്കാര്യത്തില്‍ വലുപ്പച്ചെറുപ്പം ഒന്നും ഉണ്ടായിരുന്നില്ല. പറഞ്ഞ് മതിവരുന്നില്ല വിപിക്ക്. ഒരുകാലത്ത് ആര്‍എസ്പിയെ കൈപിടിച്ച് നടത്തിയ വ്യക്തിയിന്ന് കൊല്ലത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസ് ചെയ്യണം. കൂട്ടിന് പാര്‍ട്ടി ഏര്‍പ്പെടുത്തിയ ഒരു സഹായിയുണ്ട്. ഇതിനിടയിലും വീട്ടിലെത്തുന്നവരെ മടിയില്ലാതെ കാണും. സമയമെടുത്തായാലും ഓര്‍മയില്‍ ഉള്ളതെല്ലാം പങ്ക് വയ്‌ക്കും. മനസ്സും ശരീരവും ഇടതിനൊപ്പം ഉറച്ച് നിര്‍ത്തിക്കൊണ്ട്.