ന്യൂഡൽഹി : അവസരങ്ങൾ ലഭിച്ചാൽ രാജ്യത്തെ പരിഷ്കരിക്കാൻ ദളിത് ജനതയ്‌ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ദളിത് സമൂഹത്തിനും സ്ത്രീകൾക്കും വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
തൊഴിൽ തേടുന്നവരെ തൊഴിൽ ദാതാക്കളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . രണ്ടര ലക്ഷത്തോളം സംരംഭകരെ സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഓട്ടോ ഓടിക്കുന്നവരോടൊപ്പം ചായ് പേ ചർച്ചയിൽ പങ്കെടുക്കാനുള്ള ഭാഗ്യം തനിക്കുണ്ടായ കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു. മുൻ ഉപപ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജഗ്ജീവൻ റാമിനെ മോദി അനുസ്മരിച്ചു.
പത്ത് ലക്ഷം മുതൽ ഒരു കോടി വരെ ലോൺ നൽകുന്ന സംരംഭമായ സ്റ്റാൻഡ് അപ്പ് ഇന്ത്യ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താൻ ഉദ്ദേശിച്ചാണ് ആരംഭിക്കുന്നത് .ജനസംഖ്യയിലെ പകുതിയോളം ശതമാനം സ്ത്രീകളാണെങ്കിലും സംരംഭക മേഖലയിൽ സ്ത്രീകളുടെ പങ്ക് തുച്ഛമാണ് . രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളിലെ സംരംഭകരുടെ എണ്ണവും കുറവാണ്. ഇത് മറികടക്കാനാണ് കേന്ദ്രസർക്കാർ സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി കൊണ്ടു വരുന്നത് .
ഓൺലൈൻ രജിസ്ട്രേഷനും മറ്റ് സഹായങ്ങൾക്കുമായുള്ള വെബ്സൈറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.സിഡ്ബിയും ദളിത് സംരംഭകരുടെ സംഘടനയായ ഡിക്കി ( DCCI ) യും ചേർന്നാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യക്ക് പിന്തുണ നൽകുന്നത് . നബാർഡിന്റെ സഹായവും പദ്ധതിക്കുണ്ട്.
പ്രധാനമന്ത്രി മുദ്ര ബാങ്ക് യോജനയുടെ ഭാഗമായി 5200 ഇ റിക്ഷകൾ നൽകിക്കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത് . ഈ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പ്രധാനമന്ത്രിയുടെ മറ്റ് എട്ടു പദ്ധതികളുടെ ഗുണഫലം ലഭിക്കാനുള്ള സൗകര്യവും നടപ്പിൽ വരുത്തിയിട്ടുണ്ട് .