ന്യൂഡൽഹി : ബിസിസിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ കാര്യമായി ഒന്നും ചെയ്തില്ലെന്ന് നിരിക്ഷിച്ച കോടതി ഫണ്ട് വിതരണത്തിൽ അപാകതകൾ ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റി റിപ്പോർട്ട് സമയ ബന്ധിതമായ് നടപ്പാക്കണമെന്ന കർശന നിർദ്ദേശവും സുപ്രിം കോടതി നൽകി
ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. കഴിഞ്ഞ അഞ്ചു വർഷം വിതരണം ചെയ്ത ഫണ്ടിന്റെ കണക്ക് സുപ്രീം കോടതി പരിശോധിച്ചു. ബിസിസഐ സമർപ്പിച്ച കണക്ക് കെടുകാര്യസ്ഥതയുടെ സമ്മതപത്രമാണെന്ന് കോടതി വ്യക്തമാക്കി. പതിനൊന്ന് സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും ബി.സി.സി യെ അനുവദിച്ചിട്ടില്ല.
ഒരോ സംസ്ഥാനത്തോടും ഒരോ സമീപനമല്ല ബി.സി.സി.ഐ സ്വീകരിച്ചിട്ടുള്ളത്. ഇത് ഒരു തരത്തിലും അനുവദിയ്‌ക്കാൻ സാധിയ്‌ക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇനി മുതൽ ബിസിസിഐ തുല്യ നീതി കാണിക്കണമെന്ന് കോടതി നിർദ്ധേശിച്ചു. നിലവിൽ ബിസിസിഐ പരസ്പരസഹായ സഹകരണ സംഘം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.
ബിസിസിഐയുടെ ഉന്നത നേതൃത്വത്തിലുള്ളവരോ അടുത്ത ബന്ധമുള്ളവരോ അവർക്ക് വേണ്ടപ്പെട്ടവരോ തമ്മിലുള്ള പരസ്പര സഹായസഹകരണ സംഘമായ് പ്രസ്ഥാനം മാറി. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന കർശന നിർദേശവും ബി.സി.സി ഐ യ്‌ക്ക് കോടതി നൽകി. വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും.