തിരുവനന്തപുരം: കോൺഗ്രസ്സിലെ സ്വജനപക്ഷപാതത്തിനും, താൻപോരിമയ്ക്കും ഒടുവിലത്തെ സാക്ഷ്യപത്രവുമായി, മുതിർന്ന കോൺഗ്രസ് മഹിളാനേതാവ് ശോഭനജോർജ്ജ് കോൺഗ്രസ് വിട്ടു. ചെങ്ങന്നൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി ജനവിധി തേടുന്നതിനുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞതായും ശോഭന ജോർജ്ജ് വ്യക്തമാക്കി.
കോൺഗ്രസ്സിൽ നിലനിൽക്കുന്ന വ്യക്തമായ ചേരിതിരിവുകളുടെയും അധികാര വടംവലികളുടെയും നേർസാക്ഷ്യം കൂടിയാവുകയാണ് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും, വിമതനിലപാടുകളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ച ശോഭനയെ, പാർട്ടി നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ ഇക്കുറിയും തന്നെ കൈവെടിഞ്ഞ പാർട്ടിയിൽ വീണ്ടും തുടരുന്നത് നിരർത്ഥകമാണെന്ന നിലപാടാണ് ശോഭനയ്ക്ക്.
മണ്ഡലത്തിലെ സ്ത്രീജനങ്ങളിൽ നിന്നും ഓരോ രൂപ വീതം സ്വരൂപിച്ച് തിരഞ്ഞെടുപ്പിനു കെട്ടി വച്ചു കൊണ്ട് തന്റെ സ്ഥാനാർത്ഥിത്വത്തിന് ജനകീയ മുഖം നൽകാനുള്ള തയ്യാറെടുപ്പിലാണ് ശോഭന ജോർജ്ജ്.