ന്യൂഡൽഹി : വിദേശ നിക്ഷേപം ഉളളവരുടെ പട്ടികയിൽ വ്യവസായി വിജയ് മല്യയുടെ പേരും. നാലായിരം കോടിയോളം രൂപ, ബ്രിട്ടീഷ് ആൻഡ് വേജിൻ ഐലൻഡിലെ സ്വന്തം ഉടമസ്ഥതയിലുളള കമ്പനിയിലേക്ക് വകമാറ്റിയതായാണ് വെളിപ്പെടുത്തൽ. 9000 കോടി രൂപ ഇന്ത്യൻ ബാങ്കുകൾക്ക് തിരിച്ചടയ്‌ക്കാത്തതിന് കേസ് നിലനിൽക്കെയാണ് മല്യയുടെ വിദേശനിക്ഷേപത്തെ കുറിച്ചുളള വിവരങ്ങൾ പുറത്ത് വരുന്നത്.
അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന ഇന്‍റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് ആണ് വിജയ് മല്യയുടെ വിദേശ നിക്ഷേപത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തുവിട്ടത്. വെഞ്ച്വർ ന്യൂ ഹോൾഡിംഗ് ലിമിറ്റഡ് എന്ന ബ്രിട്ടീഷ് ആൻഡ് വിർജിൻ ഐലന്റിലെ കമ്പനിയാണ് വിജയ് മല്യയുടെ പേരിലുളളത്. 2006ൽ ആരംഭിച്ച സ്ഥാപനത്തിലെ ഇടപാടുകൾ നടന്നത് മല്യയുടെ ബംരളൂരുവിലെ വസതിയായ 3 വിത്തൽ മല്യ റോഡിലാണ്. മല്യയുടേത് നേരിട്ടുളള നിക്ഷേപമാണ് എന്ന് തെളിയിക്കുന്നതാണ് വെഞ്ച്വർ ന്യൂ ഹോൾഡിംഗ് ലിമിറ്റഡിലെ ഇടപാടുകൾ.
വിജയ് മല്യയുടെ ഈ നിക്ഷേപത്തെ കുറിച്ച് 2014ൽ കർണാടക ഹൈക്കോടതി പരാമർശിച്ചിരുന്നു. വിദേശത്ത് പേരിന് മാത്രം സ്ഥാപനങ്ങൾ തുടങ്ങാൻ സഹായിക്കുന്ന പോട്ടിസലസ് ട്രസ്റ്റ് നെറ്റ് എന്ന സ്ഥാപനവുമായി വിജയ് മല്യയുടെ കമ്പനിക്ക് ബന്ധമുണ്ട്. മല്യയുടെ വെഞ്ച്വർ ന്യൂ ഹോൾഡിംഗ് ലിമിറ്റഡ് ന്‍റെ ഇടപാടുകളെ കുറിച്ച് സെബിയുടെ അന്വേഷണം നടക്കുകയാണ്. ഇന്ത്യയിലെ ബാങ്കുകൾക്ക് 9000 കോടി രൂപ തിരിച്ചടവ് നിലനിൽക്കെ വിദേശത്തേക്ക് പോയ മല്യയോട്, കോടതി നടപടികൾ നേരിടാൻ തിരികെ എത്തണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നാലായിരം കോടി രൂപ തിരിച്ചടയ്‌ക്കാം എന്ന വാഗ്ദാനം കോടതിയും ബാങ്കുകളും തളളുകയായിരുന്നു.