ബ്രസൽസ് : പാരിസ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ പ്രധാനിയായ മൊഹമ്മദ് അബ്രിനി പിടിയിൽ. ബെൽജിയത്തിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രസൽസ് ആക്രമണത്തിലും അബ്രിനിക്ക് പങ്കുണ്ടെന്നാണ് സൂചന.പാരിസ് ഭീകരാക്രമണത്തിന് പിന്നിൽ പ്രർത്തിച്ചവർക്കായുള്ള ശക്തമായ തെരച്ചിലിനിടെയാണ് ഐഎസ് ഭീകരൻ മൊഹമ്മദ് അബ്രിനിയെ പിടികൂടിയത്. ബെൽജിയത്തിലെ ആൻഡർലെക്ട് ജില്ലയിൽ നിന്ന് അബ്രിനിയൊടൊപ്പം മറ്റ് നാല് പേരെ കൂടി അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസിന്റെ പിടിയിലായ പാരിസ് ആക്രമണത്തിൽ മുഖ്യ സൂത്രധാരൻ സലാ അബ്ദസലാമുമായി അബ്രിനി അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ആക്രമണത്തിന് രണ്ട് ദിവസം മുൻപ് അബ്ദസലാമിനോടൊപ്പം അബ്രിനി കാറിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചു. ബ്രസൽസ് വിമാനത്താവളത്തിലുണ്ടായ ഐഎസ് ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. സ്ഫോടനത്തിന് തൊട്ടുമുൻപ് വിമാനത്താവളത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ തൊപ്പി ധരിച്ചിരുന്ന ഭീകരൻ അബ്രിനിയാണെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം,മാൽ ബീക്ക് മെട്രോ സ്റ്റേഷൻ ആക്രമണത്തിലെ പങ്കാളിയായ ഒസാമയെയും അബ്രിനിയോടൊപ്പം പിടികൂടിയിട്ടുണ്ട്.