മുംബൈ : കൊടും വരൾച്ചയിൽ വലയുന്ന ലാത്തൂരിലെ ജനങ്ങൾക്ക് ദാഹജലവുമായ് ആദ്യ ജലതീവണ്ടി ഇന്നെത്തും . അൻപത് വാഗണുള്ള തീവണ്ടിയിൽ രണ്ടേമുക്കാൽ ലക്ഷം ലിറ്റർ ജലമാണ് എത്തിക്കുന്നത്.
എണ്ണ കൊണ്ടുപോകാനുപയോഗിച്ചിരുന്ന വാഗണുകളിൽ സ്റ്റീം ക്ളീനിംഗ് നടത്തിയാണ് വെള്ളം കൊണ്ടുപോകാൻ ഉപയുക്തമാക്കിയത് . കൊടും വരൾച്ചയിലായ മറാത്ത് വാഡ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായതോടെയാണ് ജലതീവണ്ടി എന്ന ആശയവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു വന്നത്.
റെയിൽവേ സ്റ്റേഷനിലെത്തുന്ന വെള്ളം ഗ്രാമങ്ങളിലെത്തിക്കാൻ വേണ്ടി 2,700 മീറ്റർ പൈപ്പ് ലൈൻ യാഥാർത്ഥ്യമാക്കാൻ രാവും പകലുമെന്നില്ലാതെ പ്രയത്നിക്കുകയാണ് സാംഗ്ളി ജില്ലാ ഭരണാധികാരികൾ. .84 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൈപ്പ് ലൈൻ നിർമ്മാണം കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്.
ദാഹജലമെത്തിക്കാൻ മഹാരാഷ്‌ട്ര സർക്കാരും റെയിൽവേയും സംയുക്തദൗത്യത്തിലാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഏപ്രിൽ പതിനഞ്ചോടെ രണ്ടാമത്തെ ജല തീവണ്ടിയും യാത്ര ആരംഭിക്കുമെന്ന് റെയിൽവേ അധികൃതരും അറിയിച്ചിട്ടുണ്ട്.