ന്യൂഡൽഹി: റിയോ ഒളിമ്പിക്സിനായി പോയ ഭാരതത്തിന്റെ ഷൂട്ടർ അഭിനവ് ബിന്ദ്ര, കോച്ചിന്റെ പാസ്പ്പോർട്ട് മോഷ്ടിക്കപ്പെട്ടതിനേ തുടർന്ന് ജർമ്മനിയിൽ കുടുങ്ങി.
9ന് രാത്രി 7.36 നാണ് തങ്ങൾ ജർമ്മനിയിൽ കുടുങ്ങിയതായും, സഹായിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ബിന്ദ്ര ട്വീറ്റ് ചെയ്തത്. 10.35 ആയപ്പൊഴേക്കും ബിന്ദ്രയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു കൊണ്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മറുപടിയെത്തി. ഒപ്പം ജർമ്മനിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും, മന്ത്രിയുടെ നിർദ്ദേശപ്രകാരം അംബാസ്സഡർ ഗുർജിത് സിംഗും സഹായം ഉറപ്പു നൽകി ട്വീറ്റ് ചെയ്തു. 10ന് 6.22 ആയപ്പൊഴേയ്കും ബിന്ദ്രയ്‌ക്കും കൂട്ടർക്കും യാത്ര തുടരാനുള്ള രേഖകൾ തയ്യാറാക്കിക്കൊണ്ട് മന്ത്രിയുടെ സന്ദേശം വരികയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് തങ്ങളുടെ രക്ഷയ്‌ക്കെത്തിയ സുഷമ സ്വരാജിനും, ജർമ്മനിയിലെ സ്ഥാനപതി ഗുർജീത് സിംഗിനും ബിന്ദ്ര നന്ദി പ്രകാശിപ്പിച്ചു.
തനിക്കു നന്ദി പറഞ്ഞു കൊണ്ട് അഭിനവ് ബിന്ദ്ര കുറിച്ച് ട്വീറ്റിനു മറുപടിയായി ഭാരതത്തിന്റെ ഡിമാൻഡ്, ഒളിമ്പിക് ഗോൾഡ് മെഡലാണെന്ന് ഓർമ്മിപ്പിക്കുവാനും മന്ത്രി മറന്നില്ല. ഭാരതത്തിന്റെ വിദേശ-നയതന്ത്ര നടപടികളുടെ കൃത്യതയ്‌ക്ക് മറ്റൊരുദാഹരണം കൂടിയാവുകയാണ് ഈ സംഭവം.