കോഴിക്കോട്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി.അബു മതസ്പര്‍ധ ഉണ്ടാക്കും വിധം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചുവെന്ന പരാതിയെക്കുറിച്ച് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസംഗത്തിന്റെ തെളിവുകള്‍ ശേഖരിച്ച പോലീസ് വീഡിയോ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനുള്ള നീക്കത്തിലാണ്. മുഖ്യമന്ത്രിയുള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ബേപ്പൂരിലെ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു അബുവിന്റെ വിവാദ പരാമര്‍ശം.
മതസ്പര്‍ധയുണ്ടാക്കും വിധമുള്ള ഡി.സി.സി പ്രസിഡന്റ് കെ.സി.അബുവിന്റെ വിവാദ പ്രസംഗത്തിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനവും വിഭാഗീയത ഉണ്ടാക്കുന്നതുമാണ് പരാമര്‍ശമെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കാനാകൂ എന്നാണ് പൊലീസിന്റെ നിലപാട്.
മാറാടിന്റെ മുറിവുണങ്ങിയിട്ടില്ലാത്ത ബേപ്പൂര്‍ മണ്ഡലത്തില്‍ ഗുരുതരമായ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ്സിന്റെ കപട മതേതരത്വം ഇതിലൂടെ പുറത്ത് വന്നിരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കി.
കോണ്‍ഗ്രസിനോട് താല്പര്യമില്ലെങ്കിലും ആദം മുല്‍സി ജയിക്കണമെന്നും വി.കെ.സി. മമ്മദ്കോയ ജയിച്ചാല്‍ മേയര്‍സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും ഒരു മുസ്ലീം സംഘടനാ നേതാവ് അറിയിച്ചുവെന്നായിരുന്നു അബു പറഞ്ഞത്. ഇത് ഒഴിവാക്കി ആദം മുല്‍സി ജയിച്ചാല്‍ മേയറും എം.എല്‍.എയും മുസ്ലിം പ്രതിനിധികളാവുമെന്നും അബു പ്രസംഗത്തിലറിയിച്ചിരുന്നു.