NewsKerala

ഇണങ്ങിയും പിണങ്ങിയും കുണുങ്ങിയും കോൺഗ്രസ്, പരുങ്ങിയും പതുങ്ങിയും ഇടതും

കോട്ടയം: സ്ഥാനാർത്ഥിനിർണ്ണയം അന്തിമഘട്ടത്തിലെത്തുന്നതോടെ സൗന്ദര്യപ്പിണക്കങ്ങളും, സമവായങ്ങളും, പരിഭവങ്ങളുമായി കോൺഗ്രസിന്റെ കാക്കത്തൊളളായിരം ഗ്രൂപ്പുകളും സജീവമാകുന്നു. സീറ്റ് പ്രതീക്ഷിച്ചിരുന്ന പലരും നിരാശരായതോടെ, മറുകണ്ടം ചാടുക, സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുക, വിമതനാവുക, വിമർശകനാവുക, സ്വന്തം പാർട്ടിക്കു തന്നെ പാര പണിയുക തുടങ്ങിയ വിവിധയിനം പരിപാടികളിൽ തിരക്കിലാണ്.

നേതൃത്വത്തിലെ ചില താൻപോരിമകളുടെയും, തന്നിഷ്ടങ്ങളുടെയും ഫലമായി അവസരം നഷ്ടപ്പെട്ട അർഹതപ്പെട്ടവരും, തോൽക്കുമെന്നുറപ്പായിട്ടും സീറ്റു നൽകാത്തതിൽ പരിഭവിക്കുന്നവരും തുടങ്ങി വിവിധ തരം പരിഭവങ്ങളുടെ ഭാവ വൈവിദ്ധ്യങ്ങളാണ് നേതൃത്വത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ചിലരെയൊക്കെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനും നേതൃത്വം മടി കാട്ടുന്നില്ല. പൂഞ്ഞാറിലും, കുട്ടനാട്ടിലും, കോട്ടയത്തും, മലയോര മേഖലകളിലും തുടങ്ങി കോൺഗ്രസ് പാർട്ടിയുടെ ‘വളരലിനും, പിളരലിനും‘ ഏറെ വളക്കൂറേകിയ പ്രദേശങ്ങളിലാണ് ഈ പതിവു പ്രതിഭാസം തനിയാവർത്തനം നടത്തുന്നത്. ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൗന്ദര്യപ്പിണക്കം കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പും, ജോണി നെല്ലൂരും തമ്മിലുളളതായിരുന്നു.

എൻ.ഡി.എ. സഖ്യത്തിന്റെ ശക്തമായ സാന്നിദ്ധ്യം, വിട്ടുവീഴ്ചകൾക്കും, അനുരഞ്ജനങ്ങൾക്കും നേതൃത്വത്തെ കൂടുതൽ പ്രേരിപ്പിക്കുന്നുണ്ടെന്നതും വ്യക്തം. അതുമല്ല, ഞങ്ങൾക്കിടയിലൊന്നുമില്ല, ഒറ്റ കെട്ടാണ് തുടങ്ങിയ പതിവു പല്ലവികളിലൂടെ ഞങ്ങൾ ‘തട്ടിയും, മുട്ടിയും‘ പോകുന്ന സ്വന്തക്കാർ തന്നെയെന്ന് പൊതുജനത്തെ ബോദ്ധ്യപ്പെടുത്താനും വല്ലാതെ പണിപ്പെടുന്നുണ്ട് നേതാക്കൾ.

ഇടതാവട്ടെ, പതിവ് പ്രീണന-വർഗ്ഗീയ-മതേതര-ഫാസിസ വാദമുഖങ്ങളൊന്നും വിലപ്പോവാതെയും, നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്ന, അണികൾ ഒപ്പിച്ചു കൂട്ടുന്ന തൊന്തരവുകളിലും പരുങ്ങിയ മട്ടാണ്. നീണ്ട 26 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അദ്ധ്യാപികയ്ക്ക് കുട്ടിസഖാക്കൾ പ്രതീകാത്മക ശവകുടീരമൊരുക്കി യാത്രയയപ്പു നൽകിയതും, ഇവിടെ കോൺഗ്രസ്സിനെ നോക്കി പല്ലു കടിക്കുന്ന പാർട്ടിയുടെ ദേശീയ നേതാക്കൾ ബംഗാളിൽ കോൺഗ്രസ്സിന്റെ തോളിൽ കയ്യിട്ടു നടക്കുന്നതുമടക്കമുളള  സംഭവങ്ങൾ സഖാക്കളുടെ സ്വൈര്യം കെടുത്തുന്നുണ്ട്.

വോട്ടു ചോദിച്ചു ചെല്ലുമ്പോൾ ജനം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാനുളള  ഗഹനമായ പഠനങ്ങളാണിപ്പോൾ അണിയറയിൽ നടക്കുന്നതെന്ന് വിമർശകർ പരിഹസിക്കുന്നു.

സോഷ്യൽ മീഡിയയിലും, വാട്ട്സ് ആപ്പിലും, നടുറോഡിലും വരെ അന്തം വിട്ട് നെട്ടോട്ടമോടാനാണിപ്പോൾ ഇടതുപക്ഷത്തിന്റെ വിധിയെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാവാം, നേരിട്ടു വന്ന് ജനത്തെ കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്തി വോട്ടു ചോദിക്കാതെ, എൽ.ഡി.എഫ്. വരും എല്ലാം ശരിയാകുമെന്ന് ഒറ്റ വാക്കിലങ്ങു പറഞ്ഞൊഴിയുന്നത്; അതും നേരിൽ പറയാതെ ഫ്ലക്സിലും, ഹോർഡിംഗിലും, റെയിൽ വേ സ്റ്റേഷന്റെ അനൗൺസ്മെന്റിലും, പൊതുസ്ഥലത്തെ ചുവരിലും എന്നു വേണ്ട സകലയിടത്തും കാണുന്ന പരസ്യവാചകം, പക്ഷേ “എന്തു ശരിയാകുന്ന കാര്യമാണെന്നു മാത്രം“ പറയുന്നില്ല. എൽ ഡി എഫ് വരും, എല്ലാത്തിനേം ശരിയാക്കും എന്നാണ് സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിക്കുന്ന പരിഹാസം.

വസ്തുതാപരമെന്നു തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ സമർത്ഥരായിരുന്ന സഖാക്കൾക്കിപ്പോൾ ഒരു ‘വസ്തു‘വും മിണ്ടാനില്ലാത്തതെന്താണെന്നാണ് അണികളും പൊതുജനവും ചിന്തിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ രസകരമായ ഇത്തരം പല നാടകങ്ങളും അരങ്ങേറുമ്പോൾ, “ഒരിത്തിരി കുടിവെളളമെങ്കിലും തരുവോ…“ എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന പാവം സമ്മതിദായകരുടെ ആശങ്കകൾക്ക് പരസ്യവാചകമാകാനുളള  കപ്പാസിറ്റി കുറവായതിനാൽ എങ്ങും തെളിഞ്ഞു കാണുന്നില്ലെന്നതാണ് തിരഞ്ഞെടുപ്പു ചിത്രങ്ങളുടെ കാണാപ്പുറം.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close