കൊല്ലം: പരവൂരില്‍ നടത്താനുദ്ദേശിച്ചത് മത്സരക്കമ്പമാണെന്ന് ഉറപ്പിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മത്സരക്കമ്പത്തിലെ ജേതാക്കള്‍ക്കള്‍ക്ക് നല്‍കുവാനുള്ള ട്രോഫി വരെ ക്ഷേത്രത്തില്‍ മുന്‍കൂട്ടി സജ്ജീകരിച്ചിരുന്നു. ക്ഷേത്രഭരണ സമിതി അംഗങ്ങളുടെ സാന്നിദ്ധത്തില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി ക്ഷേത്രത്തിന് മുന്നില്‍ വച്ച് പൂജിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ് ഇതിനാധാരം. ഭക്തജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും തന്നെ ഇതിന് സാക്ഷികളായിട്ടുമുണ്ട്. കളക്ടറുടെ സ്റ്റേ നിലനില്‍ക്കെയാണ് ഇത്തരമൊരു സംഭവം നടന്നതും.
സംഗതി ഇതായിരിക്കെയാണ് നടത്താന്‍ പോകുന്നത് മത്സരക്കമ്പമല്ലെന്ന് ക്ഷേത്ര ഭരണസമിതി അറിയിക്കുന്നതും നിബന്ധനകളോടെ വെടിക്കെട്ട് നടത്താന്‍ അധികൃതര്‍ മൗനാനുവാദം നല്‍കുന്നതും. ക്ഷേത്രത്തിന് തൊട്ടടുത്താണ് പരവൂര്‍ പോലീസ് സ്‌റ്റേഷന്‍ എന്നതിനാല്‍ മത്സരക്കമ്പം നടക്കുമെന്ന് പോലീസുകാര്‍ക്കും അറിവുണ്ടായിരുന്നതായി വ്യക്തമാണ്.
അതിനാല്‍ത്തന്നെ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ഭരണസമിതി കമ്പക്കെട്ടിന് അനുമതി നേടിയതെന്ന ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും വാദവും, ഇക്കാര്യം ശരിവയ്‌ക്കുന്ന ക്രൈബ്രാഞ്ച് നിലപാടും ചോദ്യം ഇവിടെ ചെയ്യപ്പെടുകയാണ്. അതിനാല്‍ത്തന്നെ നടക്കാന്‍ പോകുന്നത് മത്സരക്കമ്പമാണെന്ന് ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും തടയാതിരിക്കുകയും, വലിയ ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ച് ക്ഷേത്രത്തെ കുരുതിക്കളമാക്കുകയും ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും സംശയാസ്പദമാണ്.