തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിൽ, പ്രതികളായ ടെക്നോ പാർക്ക് ജീവനക്കാർ കുറ്റക്കാരെന്ന് തെളിഞ്ഞു. 2014 ഏപ്രിൽ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. നാലു വയസ്സുള്ള മകളേയും, ഭർതൃമാതാവിനേയും കൊലപ്പെടുത്തിയ കേസിൽ, നിനോ മാത്യു, അനുശാന്തി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
കാമുകനായ നിനോ മാത്യുവുമൊത്ത് ജീവിക്കാൻ ഭർതൃവീട്ടുകാരെ പൂർണ്ണമായും ഇല്ലായ്മ ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് അനുശാന്തി, നിനോയെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്തത്. വെട്ടേറ്റ അനുശാന്തിയുടെ ഭർത്താവ് ലിജേഷ് തലനാരിഴയ്ക്കിടെ രക്ഷപ്പെടുകയായിരുന്നു. കേസിൽ മുഖ്യ സാക്ഷിയാണ് ലിജേഷ്.
ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങി, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളെല്ലാം കോടതി അംഗീകരിച്ചു. സംഭവദിവസം തന്നെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശിക്ഷാവിധി സംബന്ധിച്ച് തുടർവാദം ഇന്നുച്ചയ്ക്കു ശേഷം നടക്കും. ശിക്ഷ നാളെ വിധിക്കും. അതേസമയം, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ലിജേഷ് പറഞ്ഞു. ശിക്ഷാവിധി വന്നതിനു ശേഷം കൂടുതൽ പ്രതികരണം അറിയിക്കുമെന്നും ലിജേഷ് കൂട്ടിച്ചേർത്തു.