തൃശ്ശൂര്‍: തൃശ്ശൂര്‍, പൂരാവേശത്തിലേക്ക്. ചരിത്രപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്നു നടക്കും. രാത്രി ഏഴ് മണി മുതലാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. തിരുവമ്പാടിയും പാറമേക്കാവും നവീന ശൈലികള്‍ അവതരിപ്പിക്കുമ്പോള്‍, വര്‍ണ വിസ്മയം വിരിയുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികള്‍.
പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ട് വേണ്ടെന്നുവെച്ചിരുന്നു. ഇതിനുപിന്നാലെ രാത്രികാല വെടിക്കെട്ടിന് ഹൈക്കോടതിയുടെ നിരോധനവും വന്നതോടെ തൃശൂര്‍ പൂരം നടത്തിപ്പ് തന്നെ ആശങ്കയിലായിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിലപാട് മാറ്റുകയും, സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ അനുകൂല നിലപാട് ഉണ്ടാകുകയും ചെയ്തതോടെയാണ് തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ മാറിയത്.