തിരുവല്ല: തിരുവല്ലയില്‍ യു.ഡി.എഫിന് വിമത സ്ഥാനാര്‍ഥി. ജോസഫ് എം പുതുശേരിക്കെതിരെ കേരള കോണ്‍ഗ്രസ് (എം) നേതാവായ രാജു പുളിമ്പളളിയാണ് വിമതനായി മത്സരിക്കുന്നത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ പിന്തുണയ്ക്കുന്നതായും ജോസഫ് എം പുതുശേരിയുടെ പ്രവര്‍ത്തനങ്ങളില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹത്തിന് വിജയസാധ്യതയില്ലെന്നും രാജു പുളിമ്പളളി പറയുന്നു.
ഘടകകക്ഷികളുടെ ആവശ്യപ്രകാരമാണ് താന്‍ മല്‍സരരംഗത്തേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജു പുളിമ്പള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന് ആണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിക്ടര്‍.ടി.തോമസിനെ പരാജയപ്പെടുത്താന്‍ ജോസഫ് എം പുതുശ്ശേരി ശ്രമിച്ചെന്നും അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കരുതെന്നും കുര്യന് ആവശ്യപ്പെട്ടിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് തന്നെ പ്രശ്നപരിഹാരത്തിന് ഇടപെട്ടെങ്കിലും പി.ജെ.കുര്യന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.