കൊച്ചി: ശബരിമലയിലെ വെടിവഴിപാട് നിരോധിച്ചു കൊണ്ട് പത്തനംതിട്ട ജില്ലാകളക്ടർ പുറപ്പെടുവിച്ച ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ജസ്റ്റിസുമാർ കെ. എബ്രഹാം മാത്യു, പിബി സുരേഷ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജ്ജിയിൽ, വഴിപാടിന്റെ ഭാഗമായുളള നേർച്ചയാണ് വെടിവഴിപാടെന്ന വസ്തുത പരിഗണിക്കാതെയാണ് കളക്ടർ ഉത്തരവിറക്കിയതെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവായത്.
അമിതശബ്ദമോ, മലിനീകരണമോ ഇല്ലാത്ത ചെറിയ ഇനം കതിനയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ഹർജ്ജിയിൽ വിശദീകരിച്ചു. മലിനീകരണനിയന്ത്രണബോർഡിന്റെ ചട്ടങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടും മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധവുമാണ് സന്നിധാനത്ത് വെടിവഴിപാട് നടത്തുന്നതെന്നും ഹർജ്ജി ചൂണ്ടിക്കാട്ടി. ഇത് അമിതശബ്ദവും, മലിനീകരണവും, അപകടവുമുണ്ടാക്കുന്ന കമ്പക്കെട്ടുമായി താരതമ്യം ചെയ്യാൻ കഴിയില്ല. എന്നാൽ പരവൂർ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ലൈസൻസ് കാലാവധി കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് കളക്ടർ ഉത്തരവിറക്കിയത്. ലൈസൻസ് കഴിഞ്ഞിരുന്നില്ലെന്നും, നിശ്ചിത സമയത്തു തന്നെ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഹർജ്ജിയിൽ പറയുന്നു.