കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശ്ശേരി ഇത്തവണ ഞാണിന്മേല് മത്സരത്തില്‍. ഇടതിനെ പിന്തുണയ്ക്കുന്ന മണ്ഡലത്തിലെ വികസന മുരടിപ്പും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം മുസ്ലീം ലീഗിന് വിട്ടുകൊടുത്തതും ബി.ജെ.പിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
പിന്നോക്ക വിഭാഗത്തിനായി നീക്കിവച്ച മണ്ഡലമായ ബാലുശ്ശേരി ഇത്തവണ ഞാണിന്മേല് മത്സരത്തിനാണ് വിധേയമാവുന്നത്.
ഇടതിന് വേണ്ടി പട്ടികജാതി വര്‍ഗ്ഗ വികസന ബോര്‍ഡ് ഡയറക്ടറും നിലവിലെ എം. എല്‍.എ കൂടിയായ പുരുഷന് കടലുണ്ടിയും ബി.ജെ.പിക്ക് വേണ്ടി പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായിരുന്ന പി.കെ സുപ്രനും യു.ഡി.എഫിനായി ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമനുമാണ് മത്സരിക്കുന്നത്. കാലങ്ങളായി ഇടതിനെ പിന്തുണയ്ക്കുന്ന മണ്ഡലം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെയാണ് തുണച്ചത്. ഇടയ്ക്ക് എ സി ഷണ്മുഖദാസിനെ വിജയിപ്പിച്ച് കോണ്‍ഗ്രസ്സിനൊപ്പം നിന്ന മണ്ഡലത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസന പോരായ്മകളാണ് വീണ്ടും ചര്‍ച്ചചെയ്യുന്നത്.
എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം മുസ്ലിം ലീഗിന് വച്ചുമാറിയതുള്പ്പെടെ കോണ്‍ഗ്രസ്സ് അനുഭാവികളെ ചൊടിപ്പിക്കുന്നുണ്ട്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളേറെ യു.ഡി.എഫിന്റെ വോട്ടു ചോര്ച്ചയ്ക്കിടയാക്കും. ഈ സാഹചര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച് ശക്തമായ പ്രചരണത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
ദേശീയ തലത്തിലുള്ള മാറ്റത്തിനനുസൃതമായുള്ള ചലനവും എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ശക്തമായ പിന്തുണയും അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.