തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന്. പഞ്ചവാദ്യത്തിനും പാണ്ടിമേളത്തിനും വെടിക്കെട്ടിനും കാതോര്‍ത്ത് പൂരപ്രേമികള്‍. ഇനി ശക്തന്റെ മണ്ണും മനസ്സും പൂരതിമിര്പ്പിലാണ്.
രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനടവഴി വടക്കുനാഥനിലേക്ക് കടന്നതോടുകൂടി ഘടക ക്ഷേത്രങ്ങള്‍ ശിവപുരിയിലെത്തും. പതിനൊന്നുമണിയോടുകൂടി തിരുവമ്പാടി ഭഗവതി പഞ്ചവാദ്യ അകമ്പടിയോടെ മഠത്തില്‍ നിന്നെഴുന്നള്ളും. അന്നമ്മനട പരമശ്വരന്മാരാരുടെ പഞ്ചവാദ്യത്തിനൊത്ത് പൂര പ്രേമികള്‍ താളം പിടിക്കും 12 ന് പാറമേക്കാവ് ഭഗവതി കിഴക്കേ ഗോപുരനടവഴി വടക്കുനാഥക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കും.
തുടര്‍ന്ന് നാദവിസ്മയം തീര്‍ത്ത് ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്മാരാരുടെ മേള-താളത്തിനൊത്ത് പുരുഷാരം ആര്‍ത്തിരമ്പും. പൂരത്തിന്റെ സായംസന്ധ്യയില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത് കുടമാറ്റവും അരങ്ങേറും. തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും ചെപ്പിലൊളിപ്പിച്ച വര്‍ണ്ണകുടകള്‍ പരസ്പരം മാറ്റുരയ്ക്കും.
പൂരക്കാഴ്ച്ചകളുടെ മിഴിതുറക്കാന്‍ പൂരപ്രേമികള്‍ക്ക് പൂലര്‍ച്ചെ വരെ കാത്തിരിക്കണം.