ക്വിറ്റോ: ഇക്വഡോറിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30ലധികം പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കുണ്ട്. ഭൂചലനത്തെ തുടർന്ന് ഇക്വഡോർ, കൊളംബിയ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിൽ ഉണ്ടായത്. ഇക്വഡോർ വൈസ് പ്രസിഡന്റ് ജോർജ് ഗ്ലസ് ആണ് രാജ്യത്ത് ഭൂചലനം ഉണ്ടായ വിവരം അറിയിച്ചത്. ആദ്യം 4.5 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെങ്കിലും പിന്നീട് അത് 7.8 ആവുകയായിരുന്നു. തിരക്കേറിയ നഗരങ്ങളിൽ ഭൂചലനമുണ്ടായതാണ് മരണ നിരക്ക് വർദ്ധിപ്പിച്ചത്.
ആദ്യം ആറ് പ്രവിശ്യകളിൽ മാത്രമാണ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് അടിയന്തരാവസ്ഥ രാജ്യം മുഴുവനും വ്യാപിപ്പിച്ചു. പാലങ്ങളും റോഡുകളും ഭൂചലനത്തിൽ തകർന്നു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എയർപോർട്ട് ടവറുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇക്വഡോറിന്റെ തീര പ്രദേശത്താണ് കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടായത് .സുനാമി ഭീതിയിൽ ജനങ്ങൾ വീടുകൾ ഒഴിഞ്ഞു.