കൊല്ലം: പരവൂര്‍ ദുരന്തം സംഭവിച്ച് ആഴ്ചയൊന്ന് കഴിയുമ്പോഴും ഒളിവിലുള്ള പ്രധാന കരാറുകാരന് വര്‍ക്കല കൃഷ്ണന്‍കുട്ടിയെ പിടികൂടാനാകാതെ പോലീസ്. അന്വേഷണം തുടരുന്നുവെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ളത്. അതേസമയം പരവൂരില്‍ സുരക്ഷയൊരുക്കുന്നതില്‍ വന്ന വീഴ്ച മറയ്ക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് പോലീസിപ്പോള്‍.
ആദ്യം ജില്ലാ കളക്ടറെ പഴിച്ച് തടിയൂരാന്‍ നോക്കി. പിന്നീട് ഡിജിപി തന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. പിന്നീട് ക്ഷേത്രാചാരങ്ങള്‍ അതിര് വിട്ടതാണെന്ന മുതലെടുപ്പ് രാഷ്ട്രീയത്തിന് പിന്നില്‍ സുരക്ഷിതരാകാന്‍ കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ എല്ലാം പാളി ത്രിശങ്കു സ്വര്‍ഗ്ഗത്തിലാണ് പരവൂര്‍ ദുരന്തത്തില്‍ കേരളാ പോലീസിപ്പോള്‍. ക്ഷേത്രഭരണസമിതി ഭാരവാഹികളെയും കരാര്‍ തൊഴിലാളികളെയും പിടിച്ചതൊഴിച്ചാല്‍ പ്രധാന കരാറുകാരന് വര്‍ക്കല കൃഷ്ണന്‍കുട്ടി ഇപ്പോഴും ഒളിവില്‍ തന്നെ. അപകടം അട്ടിമറിയാണോ അപ്രതീക്ഷിതമാണോ തുടങ്ങി ഇതുവരെയും ഒന്നിനും വാലും തലയുമില്ലാതെ തുടരുകയാണ്.
അതേസമയം ക്രൈബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിലും പോലീസിനെതിരെ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ ഉള്ളതായാണ് സൂചന. ആയിരങ്ങള്‍ എത്തുമെന്നുറപ്പുള്ള ഉത്സവത്തിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ സേന പരാജയപ്പെട്ടുവെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് മീനഭരണി കമ്പക്കെട്ടിന് ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നതെന്നും പെട്ടെന്നുണ്ടായ അപകടം കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും ആക്ഷേപമുണ്ട്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കരാര്‍ തൊഴിലാളികളെ കൂടി ക്രൈബ്രാഞ്ച് സംഘം ഇന്ന് കസ്റ്റഡിയില്‍ എടുത്തു. വര്‍ക്കല കൃഷ്ണന്‍കുട്ടിയുടെ സഹായികളാണ് പിടിയിലായ മൂന്ന് പേരും.