തൃശ്ശുര്‍: പൂര പ്രേമികളുടെ മനം നിറച്ച് പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും വെടിക്കെട്ട്. മാനത്ത് വിരിഞ്ഞ സ്വര്‍ണ്ണ നക്ഷത്രങ്ങള്‍ ശക്തന്റെ തട്ടകത്തില്‍ നൃത്തമാടി. ശബ്ദ തീവ്രത കുറച്ച്്്് വര്‍ണ്ണങ്ങള്‍ നിറഞ്ഞ കരിമരുന്നിന്റെ തേരോട്ടം കാണാന്‍ വെടിക്കെട്ട് പ്രേമികള്‍ ഒഴുകിയെത്തി.
ആവനാഴിയില്‍ നിന്ന് പാറമേക്കാവും തിരുവമ്പാടിയും ശിവപുരിയുടെ ആകാശ വട്ടത്തിലേക്ക് തൊടുത്തുവിട്ട ആയുധങ്ങള്‍ അഗ്നിപൂഷ്പങ്ങളായി പെയ്തിറങ്ങി. പൂര പകലില്‍ നാദ താളലയത്തില് ലയിച്ച പൂര പ്രേമികള്‍ക്ക് കാഴ്ച്ചയുടെ വസന്തമൊരുക്കിയാണ് ഇരുവിഭാഗവും കരിമരുന്നിന്റെ ഇന്ദ്രജാലം തിര്ത്തത്. ഗുണ്ടുകളും അമിട്ടുകളും മാനത്ത് വര്ണ്ണകാഴ്ച്ചകളുടെ വിസ്മയം തീര്‍ത്തപ്പോള്‍ വെടിക്കെട്ട് പ്രേമികള്‍ക്ക് ആവേശമായി.
കൂട്ടപൊരിച്ചിലെത്തിയപ്പോള് തിങ്ങി നിന്ന പുരുഷാരം കിടിങ്ങുവിറച്ചു. നിലയമിട്ടുകളും ഏരിയല്‍ വണ്ടറും വെടിക്കെട്ടാവേശം ഇരട്ടി മധുരമാക്കി. ശക്തന്റെ നാട്ടിടവഴികളിലൂടെ ഒഴുകിയെത്തിയ വെടിക്കെട്ട് പ്രേമികള്‍ക്ക് കരിമരുന്നിനെ ആകാശത്ത് മെരുക്കിനിര്‍ത്തുന്ന രസതന്ത്രം തീര്‍ത്ത് ഇരുവിഭാഗവും വെടിക്കെട്ട് പ്രേമികളുടെ കണ്ണിന് കുളിര്‍മ്മ സമ്മാനിച്ചു.