കത്ര : ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതം ലോകത്തെ നയിക്കുന്ന നൂറ്റാണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . 35 വയസിനു താഴെയുള്ള 80 കോടി ജനങ്ങൾ രാഷ്‌ട്ര പരംവൈഭവത്തിന്റെ ആണിക്കല്ലാകുമെന്നും പ്രധാനമന്ത്രി . മാതാ വൈഷ്ണോ ദേവി സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇത് അറിവിന്റെ നൂറ്റാണ്ടാണ് . എന്നൊക്കെ അറിവിന്റെ കാലഘട്ടം ഉണ്ടായിട്ടുണ്ടോ അന്നൊക്കെ ഭാരതം ലോകത്തിന് വഴികാട്ടിയിട്ടുണ്ട് . പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ ഭാരതീയ യുവത്വത്തിന്റെയും സ്വപ്നങ്ങൾ രാഷ്‌ട്രത്തിന്റെ നേട്ടങ്ങളായി മാരുമെന്നും അദ്ദേഹം പറഞ്ഞു.
വൈഷ്ണോ ദേവി സർവകലാശാല സ്ഥാപിക്കാൻ കാരണക്കാരായ തീർത്ഥാടകരെ അദ്ദേഹം പ്രസംഗത്തിൽ സ്മരിച്ചു . വിവിധ ദേശങ്ങളിൽ നിന്ന് വന്ന ഈ തീർത്ഥാടകരാണ് സർവകലാശാല സ്ഥാപിക്കാൻ കാരണക്കാരായതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൾ കലാമിനേയും അദ്ദേഹം പ്രസംഗത്തിൽ അനുസ്മരിച്ചു.
ജമ്മു കശ്മീർ ഗവർണർ എൻ എൻ വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി കേന്ദ്ര സംസ്ഥാനമന്ത്രിമാർ എന്നിവരും ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലയിൽ പുതുതായി പണികഴിപ്പിച്ച സ്പോർട്സ് കോമ്പ്ളക്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.