ന്യൂഡൽഹി : 2015- 2016 വർഷത്തെ സൗരോർജ്ജ ലക്ഷ്യം ഇന്ത്യ മറികടന്നതായി ഊർജ്ജമന്ത്രാലയത്തിന്റെ റിപ്പോർട്ട് . 2000 മെഗാവാട്ട് സൗരോർജ്ജ ഉത്പാദനമെന്ന ലക്ഷ്യം മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞതായി ഊർജ്ജവകുപ്പ് മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു . 3018 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ളാന്റുകൾ ഈ വർഷം കമ്മീഷൻ ചെയ്യാൻ കഴിഞ്ഞതാണ് ചരിത്രനേട്ടത്തിന് കാരണമായത് .
നടപ്പ് വർഷത്തിൽ ഏറ്റവും കൂടുതൽ സൗരോർജ്ജ പ്ളാന്റുകൾ കമ്മീഷൻ ചെയ്തത് തമിഴ്നാടാണ് . 887.19 മെഗാവാട്ട്. 433.24 മെഗാവാട്ട് സൗരോർജ്ജ ശേഷി നേടിയ ആന്ധ്രയാണ് രണ്ടാം സ്ഥാനത്ത് . മൂന്നാം സ്ഥാനത്തുള്ള തെലങ്കാനക്ക് 351.56 മെഗാവാട്ട് ശേഷി നേടാനായി. 2015 -2016 വർഷത്തിന്റെ അവസാനം രാജ്യത്തിന്റെ മൊത്തം ശേഷി 6753.38 മെഗാവാട്ടാണ് . കഴിഞ്ഞ വർഷം ഇത് 3743.97 ആയിരുന്നു .
മൊത്തം സൗരോർജ്ജ ഉത്പാദന ശേഷിയിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാനാണ് .1264.35 മെഗാവാട്ട് ആണ് രാജസ്ഥാന്റെ സൗരോർജ്ജ ശേഷി . തൊട്ടുപിന്നിലുള്ള ഗുജറാത്തിന് 1105.15 മെഗാവാട്ട് ഉത്പാദന ശേഷിയുണ്ട് .ഈ വർഷത്തെ കുതിച്ചു ചാട്ടത്തിലൂടെ തമിഴ്നാട് മൂന്നാമതെത്തിയപ്പോൾ നാലാം സ്ഥാനത്തുള്ളത് മദ്ധ്യപ്രദേശാണ് .
അടുത്ത വർഷം 10,000 മെഗാവാട്ട് ശേഷിയാണ് ലക്ഷ്യമിടുന്നത് . ഇത് മറികടക്കാൻ രാജ്യത്തിനു കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഊർജ്ജവകുപ്പ് . 2022 ഓടെ ഒരു ലക്ഷം മെഗാവാട്ട് ശേഷിയാണ് ഭാരതം ലക്ഷ്യമിടുന്നത് .