പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് വിരമിച്ച പ്രിൻസിപ്പളിന് എസ് എഫ് ഐ പ്രതീകാത്മക കുഴിമാടമൊരുക്കിയ സംഭവത്തിൽ മനുഷ്യാവകാശക്കമ്മീഷൻ ഇടപെടുന്നു. യുവമോർച്ച പാലക്കാട് ജില്ലാസെക്രട്ടറി കെ വി പ്രസന്നകുമാർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് കേസെടുത്തത് .സംഭവം അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും കമ്മീഷൻ അംഗം കെ മോഹൻ കുമാർ നിർദ്ദേശം നൽകി. .
കഴിഞ്ഞ മാർച്ച് 31 നാണ് കേരളത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത് . 26 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഡോ ടി എൻ സരസുവിനാണ് എസ് എഫ് ഐ പ്രവർത്തകർ കോളേജ് ഗ്രൗണ്ടിൽ പ്രതീകാത്മക കുഴിമാടം തീർത്തത്.കോളേജിൽ നടന്ന സംഘർഷങ്ങളിൽ പങ്കാളിയായ വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തതാണ് പ്രിൻസിപ്പാളിന് നേരെ നീചമായ പ്രതിഷേധം ഉയർത്താൻ കാരണമായത്. കോളേജിലെ ഇടതുപക്ഷ സംഘടനകൾക്കും പ്രിൻസിപ്പാളിനോട് എതിർപ്പുണ്ടായിരുന്നു.
കുഴിമാടം പോലെ മണ്ണുയർത്തി വച്ച് ചന്ദനത്തിരി കത്തിച്ചു വച്ചാണ് പ്രതീകാത്മക ശവമടക്ക് നടത്തിയത് . 26 വർഷത്തെ പഴമ്പുരാണത്തിന് വിരാമം എന്നെഴുതിയ പോസ്റ്ററും ഒരു റീത്തും കുഴിമാടത്തിൽ വച്ചിരുന്നു. തുടർന്ന് മറ്റ് വിദ്യാർത്ഥികൾ ഇത് തകർക്കുകയായിരുന്നു. തുടർന്ന് പത്ത് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
വിഷയം ദേശീയതലത്തിൽ എത്തിക്കുമെന്നും കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് പി രാജീവ് അറിയിച്ചു