ഡമാസ്കസ് : സിറിയയിലുണ്ടായ വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു.വ്യാപാര കേന്ദ്രങ്ങൾക്കുനേരെയായിരുന്നു ആക്രമണം.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം , ജനിവയിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ അൽ നോമാൻ പ്രദേശത്തെ പച്ചക്കറി വ്യാപാര കേന്ദ്രത്തിലാണ് ആദ്യ വ്യോമാക്രമണമുണ്ടായത്.ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കാഫർ നുബൽ നഗരത്തിലെ വ്യാപാര കേന്ദ്രത്തിലുണ്ടായ മററൊരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. വ്യോമാക്രമണം ആര് നടത്തിയെന്നത് സ്ഥിരീകരിച്ചിട്ടില്ല.
സിറിയയിൽ സമാധാനം പുനസ്ഥാപിക്കാൻ ജനിവയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പുരോഗതിയില്ലെന്നാരോപിച്ച് പ്രതിപക്ഷ കക്ഷിയായ എച്ച് എന്‍ സി പിന്മാറിയിട്ടുണ്ട്. സിറിയയിൽ വിമതർ നടത്തുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ചർച്ചയിൽ നിന്നും പിന്മാറുമെന്ന് എച്ച് എന്‍സി തലവന്‍ റയിദ് ഹിജാബ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.എന്തായാലും ചർച്ചകൾ പുരോഗമിക്കുമ്പോഴും ആക്രമണം തുടരുന്നത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.