ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന ഏഴു പേരെ വിട്ടയക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
20 വർഷത്തിലേറെക്കാലമായി ജയിലിൽ കഴിയുന്ന മുരുകൻ, പേരറിവാളൻ, ജയകുമാർ, രവിചന്ദ്രൻ, ശാന്തൻ, റോബർട്ട് പയസ്സ്, നളിനി എന്നീ ഏഴു പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭ്യർത്ഥന നിരാകരിച്ചു കൊണ്ടാണ് കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രാലയം മറുപടി നൽകിയിരിക്കുന്നത്.
ഇതു രണ്ടാം തവണയാണ് ഇതേ ആവശ്യവുമായി ജയലളിത കേന്ദ്രത്തെ സമീപിക്കുന്നത്. സുപ്രീം കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാൽ കേന്ദ്രത്തിന് തടവുകാരെ വിട്ടയക്കാൻ കഴിയില്ലെന്ന് നിയമമന്ത്രാലയത്തിൽ നിന്നു ലഭിച്ച ഉപദേശമനുസരിച്ച്, ആഭ്യന്തരമന്ത്രാലയം തമിഴ്നാടിനെ അറിയിച്ചു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് 1991 മേയ് 21നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തുന്നത്.