ന്യൂഡൽഹി : ഇസ്രത്ത് ജഹാന്‍റെ ലഷ്കർ-ഇ-തൊയ്ബ ബന്ധം മറച്ചുവെച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പി.ചിദംബരത്തെ പ്രേരിപ്പിച്ചത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ, ചിദംബരത്തെ പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
ഇസ്രത്ത് ജഹാന് പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന് സ്ഥിരികരിക്കുന്നതായിരുന്നു യു.പി.എ സർക്കാർ കോടതിയിൽ ആദ്യം സമർപ്പിച്ച സത്യവാങ്മൂലം. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രത് ജഹാൻ ഉൾപ്പടെ നാലംഗ സംഘം ഗുജറാത്തിൽ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ യുപിഎ സർക്കാർ രണ്ടാമത് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം ബോധപൂർവം മറച്ചുവച്ചു.
അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ഇടപെട്ടാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് ചിദംബരത്തെ പ്രേരിപ്പിച്ചത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്ന് വ്യക്തമാകുന്നതാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രേരണയാണ് ഇതിന് ഇടയാക്കിയത്. ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സിബിഐ സംഘത്തിന് മുന്നിൽ വസ്തുത വെളിപ്പെടുത്താതിരിക്കാൻ കേസ് അന്വേഷിച്ച എൻ.ഐ.എ ഉദ്യോഗസ്ഥനെ വിലക്കിയെന്നും വ്യക്തമായിട്ടുണ്ട്.