ന്യൂഡൽഹി : സ്വന്തം രൂപത്തിലെ മെഴുക് പ്രതിമയുമായി പ്രധാനമന്ത്രിയുടെ മുഖാമുഖം. ലണ്ടനിലെ മാഡം ടുസാഡ്സ് ആണ് നരേന്ദ്ര മോദിയുടെ മെഴുക് പ്രതിമ തയ്യാറാക്കിയത്. വെളള കുർത്ത പൈജാമയും ക്രീം നിറമുളള ജാക്കറ്റും കറുത്ത ഷൂസും ധരിച്ചിരുന്നു രണ്ട് നരേന്ദ്ര മോദിമാരും. പ്രതിമയുമായി മുഖാമുഖം വന്ന പ്രധാനമന്ത്രി, മാഡം ടുസാഡ്സിലെ കലാകാരന്മാരുടെ കരവിരുതിനെ പ്രകീർത്തിച്ചു.
നാലു മാസം കൊണ്ടാണ് പ്രധാനമന്ത്രിയുടെ മെഴുക് പ്രതിമ പൂർത്തിയാക്കിയത്. മ്യൂസിയത്ത് പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രിയെ പ്രതിമ കാട്ടുകയായിരുന്നു മാഡം ടുസാഡ്സ് അധികൃതർ. സിംഗപുരിലും, ബാങ്കോക്കിലും ഹോങ്കോങ്ങിലുമുളള മ്യൂസിയങ്ങളിൽ പ്രതിമ പ്രദർശനത്തിന് വെയ്ക്കും. കഴിഞ്ഞ ലണ്ടൻ സന്ദർശനത്തിനിടെ ആണ് മെഴുക് പ്രതിമ നിർമ്മിക്കാനായി മാഡം ടുസാഡ്സ് മ്യൂസിയം അധികൃതർ പ്രധാനമന്ത്രിയെ സമീപിച്ചത്. ലോക നേതാക്കളായ ബറാക്ക് ഒബാമ, സി ജിൻ പിങ്ങ് തുടങ്ങിയവർക്കൊപ്പമാണ് മാഡം ടുസാഡ്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഴുക് പ്രതിമയ്ക്ക് സ്ഥാനം.