കണ്ണൂര്‍: കൂത്തുപറമ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി.സദാനന്ദന് മാസ്റ്ററുടെ വാഹനം സി.പി.എം സംഘം അടിച്ചുതകര്‍ത്തു. ഇന്നലെ രാത്രി 10.30 ഓടെ കൂത്തുപറമ്പിനടുത്ത് മാനത്തേരിയില് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണം.
ഇന്നലെ രാത്രി 10.30 ഓടെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച് സദാനന്ദന് മാസ്റ്ററും സഹപ്രവര്‍ത്തകരും മാനന്തേരിയിലെ ഒരു വിവാഹവീട്ടില്‍ പോയപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഒരുസംഘം സി.പി.എമ്മുകാര്‍ തകര്‍ക്കുകയായിരുന്നു. കാറിന്റെ ടയറുകള്‍ കുത്തിക്കീറുകയും ചില്ലുകളും വൈപ്പറുകളും തകര്‍ക്കുകയും ചെയ്തു.
കൂത്തുപറമ്പ് മണ്ഡലത്തില്‍ സി.സദാനന്ദന് മാസ്റ്ററുടെ പ്രചാരണമുന്നേറ്റത്തില് വിറളിപൂണ്ടാണ് സി.പി.എം ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. കഴിഞ്ഞദിവസം നടന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് സി.പി.എം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട വ്യക്തിയാണ് സദാനന്ദന് മാസ്റ്റര്‍. കൃത്രിമക്കാലുകളുമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം സി.പി.എമ്മിനെ വീണ്ടും അസഹിഷ്ണുതയിലേക്ക് നയിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ സംഭവമെന്നുവേണം കരുതാന്‍.
സംഭവത്തില്‍ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രകടനങ്ങള്‍ നടത്താന്‍ ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.