ന്യൂഡൽഹി : ഭാരതവുമായുളള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ വീണ്ടും സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ. പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പഠാൻകോട് ഭീകരാക്രമണത്തിൽ തുടരന്വേഷണത്തിന് എൻ.ഐ.എ അനുമതി തേടിയിട്ടില്ലെന്ന വിശദീകരണമാണ് പാക് വിദേശകാര്യമന്ത്രാലയം നൽകുന്നത്.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറുന്നുവെന്ന
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷ്ണർ അബ്ദുൾ ബാസിദിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. പഠാൻകോട് ഭീകരാക്രമണത്തിന്റെ തുടരന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയെ പാക്കിസ്ഥാനിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകില്ലെന്നും ബാസിത് വ്യക്തമാക്കിയിരുന്നു. എന്നാൽ നയതന്ത്ര തലത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതോടെ പാക്കിസ്ഥാൻ നിലപാട് മയപ്പെടുത്തി.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ച തുടരുമെന്നാണ് പാക് സർക്കാറിന്റെ പ്രതീക്ഷയെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ഉഭയകക്ഷി ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയ്യാറെന്ന് അറിയച്ചത്. എന്നാൽ പഠാൻകോട് ഭീകരാക്രണത്തിന്റെ തുടരന്വേഷണത്തിനായി എൻ.ഐ.എ പാക്കിസ്ഥാൻ സന്ദർശിക്കുന്ന കാര്യത്തിൽ പാക് അധികൃതർ ഒളുച്ചുകളി തുടരുകയാണ്.
പാക്കിസ്ഥാനിൽ തുടരന്വേഷണം നടത്താനുള്ള ഇന്ത്യയുടെ ആവശ്യം പരിഗണനയിലെന്ന് സർതാജ് അസീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ എന്നാൽ എൻ.ഐ.എ പാക് സർക്കാറിന്റെ അനുമതി തേടിയിട്ടില്ലെന്ന വിശദീകരണമാണ് പാക് വിദേശകാര്യവക്താവ് നഫീസ് സഖറിയ നൽകിയത്. ഭീകരാക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇന്ത്യ കൈമാറിയിരുന്നു. എന്നാൽ എൻ.ഐ.എയ്ക്ക് അനുമതി നൽകുന്നതിൽ പാക് സൈന്യത്തിനും ചാര സംഘടനയായ ഐഎസ് ഐക്കുമുളള വിയോജിപ്പാണ് വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും പാക്കിസ്ഥാൻ സർക്കാറിനെ പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.