ന്യൂഡൽഹി : പത്താൻ കോട്ടിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടു പിടിക്കാൻ എൻ എസ് ജി യെ സഹായിച്ച സ്നിഫ്ഫർ ഡോഗ് റോക്കറ്റിന് ധീരത പുരസ്കാരത്തിനുള്ള ശുപാർശ. ദേശീയ സുരക്ഷാസേനയുടെ കെ 9 യൂണിറ്റിൽ പെട്ട നായയാണ് റോക്കറ്റ് . പത്താൻ കോട്ടിലെ വിശിഷ്ട സേവനത്തിനിടെ പരിക്ക് പറ്റിയ റോക്കറ്റ് ഈയിടെയാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ജനുവരി 4 നാണ് റോക്കറ്റിന്റെ അസാമാന്യ ധീരത എൻ എസ് ജിക്ക് തുണയായത്. സ്ഫോടനം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് കടക്കാൻ എൻ എസ് ജി കമാൻഡോകൾക്ക് കഴിയാഞ്ഞ അവസരത്തിലാണ് റോക്കറ്റ് ഉള്ളിൽ കടന്നത് . ഭീകരർ ഉപയോഗിച്ച സാധനങ്ങളുടെ ഭാഗവുമായാണ് റോക്കറ്റ് തിരിച്ചെത്തിയത്. ഇത് ഭീകരർ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കാൻ എൻ എസ് ജിയെ സഹായിച്ചു . തീയ്ക്കുള്ളിലൂടെ അകത്ത് പോയ റോക്കറ്റിന് അന്ന് പരിക്കേറ്റിരുന്നു.
ബെൽജിയൻ മാലിനോയിസ് വിഭാഗത്തിൽ പെട്ട റോക്കറ്റ് എൻ എസ് ജിയുടെ അസാൾട്ട് ഡോഗുകളിലൊന്നാണ് . അബോട്ടാബാദിൽ ലാദനെ കണ്ടുപിടിക്കാനുള്ള നീക്കത്തിൽ ഉപയോഗിച്ചിട്ടുള്ള ഇനമാണ് മാലിനോയിസ്.