ന്യൂഡൽഹി : രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജുഡീഷ്യറി അനുഭവിക്കുന്ന ജോലി ഭാരവും മറ്റ് മാനസിക സംഘർഷങ്ങളും കുറയ്ക്കാൻ പ്രധാനമന്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തി. നേരത്തെ ജുഡീഷ്യറി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിക്കവേ പ്രധാനമന്ത്രിയ്ക്ക് മുന്നിൽ ജസ്റ്റിസ് ടി എസ് ഠാക്കൂർ വികാരാധീനനായിരുന്നു.
ന്യായാധിപർ നേരിടുന്ന മാനസിക സംഘർഷങ്ങൾക്ക് അയവുവരുത്താനുളള തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ വികാരനിർഭരമായ പ്രസംഗത്തിനു ശേഷം അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നല്കിയത്.
ജഡ്ജിമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് താൻ മനസ്സിലാക്കുന്നു. മുൻ സർക്കാരുകൾ ഇക്കാര്യത്തിൽ എന്തു കൊണ്ടാണ് നടപടികൾ പൂർത്തിയാക്കാത്തത് എന്ന് തനിക്കറിയില്ല. എന്നാൽ ഈ സർക്കാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും, മുഖ്യമന്ത്രിമാരുടേയും യോഗത്തിനിടെയാണ് ജസ്റ്റിസ് ടി എസ് ഠാക്കൂർ വികാരാധീനനായത്.
അതീവ സമ്മർദ്ദത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും, കോടതികളിലെ ജഡ്ജിമാരുടെ എണ്ണം കുറവാണെന്നും ഠാക്കൂർ പറഞ്ഞു. ജഡ്ജിമാരുടെ എണ്ണം 21,000ത്തിൽ നിന്ന് 40,000 ആക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസുകൾ കെട്ടിക്കിടക്കുന്നതിന് ജഡ്ജിമാരെ മാത്രം കുറ്റപ്പെടുത്തരുത്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് താൻ ഇത് പറയുന്നതെന്നും, ഇപ്പോഴുളള കേസുകൾ തങ്ങളുടെ പരിധിയ്ക്കപ്പുറമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയ്ക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.