രാജ്കോട്ട് : വിരാട് കോഹ്ലിയുടെ കന്നി ട്വന്റി 20 സെഞ്ചുറി വിഫലമായി.നായകന്റെ സെഞ്ചുറിയുടെ ബലത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മികച്ച സ്കോർ കണ്ടെത്തിയെങ്കിലും ഗുജറാത്തിനെതിരെ വിജയം നേടാനായില്ല. ബാംഗ്ലൂർ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം മൂന്നു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.
അർദ്ധസെഞ്ചുറി നേടിയ ദിനേശ് കാർത്തികിന്റെയും 24 പന്തിൽ 42 റൺസ് നേടിയ ബ്രണ്ടൻ മക്കല്ലത്തിന്റെയും പ്രകടനമാണ് ഗുജറാത്തിന് വിജയമൊരുക്കിയത്.കാർത്തിക് 50 റൺസെടുത്ത് പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിലാണ് 180 റൺസെടുത്തത്. 63 പന്തിൽ 11 ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയായിരുന്നു ബാംഗ്ലൂർ നായകന്റെ സെഞ്ച്വറി .കോഹ്ലിയാണ് കളിയിലെ താരം.