ന്യൂഡൽഹി: മാണ്ഡി ഹൗസിലെ എഫ്.ഐ.സി.സി.ഐ ആഡിറ്റോറിയത്തിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു. ഇന്നു വെളുപ്പിനെ 1.45 നായിരുന്നു സംഭവം. പരിക്കേറ്റവരെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
എഫ്.ഐ.സി.സി.ഐ ആഡിറ്റോറിയത്തോടു ചേർന്നുളള ഡൽഹി നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിലേയ്‌ക്കും തീ പടർന്നിട്ടുണ്ട്. മുകൾ നിലയിൽ നിന്നുമാണ് തീ പടർന്നു പിടിച്ചത്. അപകടകാരണം ഇതു വരെ വ്യക്തമായിട്ടില്ല. തീപിടുത്തമുണ്ടാകുമ്പോൾ കെട്ടിടത്തിൽ അധികം ആളുകൾ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.