മലപ്പുറം: മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ് തിരൂരങ്ങാടി. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ മണ്ഡലമായ ഇവിടെ ലീഗിന് തലവേദനയാകുന്നത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും തമ്മില്‍തല്ലുമാണ്. മുസ്ലീംലീഗിന്റെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ അട്ടിമറി സാധ്യത മുന്നില്‍ കണ്ട് ശക്തനായ സ്ഥാനാര്‍ഥിയെത്തന്നെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്.
കാലങ്ങളായി മുസ്ലീംലീഗ് മാത്രം മത്സരിക്കുന്ന മണ്ഡലമെന്ന രീതിയിലാണ് തിരൂരങ്ങാടി ശ്രദ്ധേയമായത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടുപ്പ് സമയം മുതല്‍ മണ്ഡലത്തിലെ ലീഗിനുള്ളില്‍ വിമതസ്വരം ഉയര്‍ന്നിരുന്നു. മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ ഏകാധിപത്യ നിലപാട് പ്രദേശത്തെ പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാക്കുന്നു എന്ന വിമര്‍ശനമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. കൂടാതെ അങ്ങിങ്ങ് അബ്ദുറബ്ബിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ചതും നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ഭയന്ന അബ്ദുറബ്ബ് ചരിത്രത്തിലാദ്യമായി വീടുകള്‍ കയറി വോട്ട് ചോദിച്ച് രംഗത്തിറങ്ങുകയും ചെയ്തു. അതിനിടെ ഇത്രയും കാലം മണ്ഡലം ഭരിച്ച മുസ്ലീംലീഗ് പ്രദേശത്തെ പിന്നോട്ടടിച്ചു എന്ന ശക്തമായ പ്രചാരണമുയര്‍ത്തി ഇടത് മുന്നണിയും ബി.ജെ.പിയും കളത്തില്‍ സജീവമാണ്. കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തില്‍ മണ്ഡലത്തിന്റെ ശോചനീയാവസ്ഥക്കെതിരെ ഒരു വിഭാഗം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തുള്ളത് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രതീക്ഷക്ക് വക നല്കുന്നു.