കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കോട്ടയെന്ന് അവകാശപ്പെടുമ്പോഴും കോഴിക്കോട് പേരാമ്പ്രയില്‍ മൂന്നു മുന്നണികളും പ്രചാരണം പൊടിപൊടിക്കുകയാണ്. ടിപി രാമകൃഷ്ണനോടുളള സിപിഎം പ്രാദേശിക ഘടകത്തിന്റെ അതൃപ്തി മറികടക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ രണ്ടാംതവണ എതിരിടാന്‍ അഡ്വ.മുഹമ്മദ് ഇക്ബാലിനെ ഇറക്കി യുഡിഎഫും എന്‍ഡിഎയില്‍ ശക്തനായ സുകുമാരന്‍ നായരുമായി ബിജെപിയും മത്സരരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നത്.
മലയോര കര്‍ഷകരുടെ നാടായ പേരാമ്പ്ര കാലങ്ങളായി സിപിഎമ്മിനൊപ്പമാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ നില ഉറപ്പിക്കുന്നത്. ഇതുവരെ നടന്ന 14 നിയമസഭാതെരഞ്ഞെടുപ്പില്‍ 11തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിട്ടുളളത്. അതിനാല്‍തന്നെ ഇത്തവണയും ജയം നേടാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്‍. മുന്‍ജില്ലാസെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം 2001ല്‍ ഇവിടെനിനും നിയമസഭയില്‍ എത്തിയിട്ടുണ്ട്. ഇത്തവണ പ്രാദേശിക ഘടകത്തിലെ എതിര്‍പ്പ് മറികടക്കാന്‍ വിഎസ് ഉള്‍പ്പടെയുളള നേതാക്കളെ കണ്‍വന്‍ഷനില്‍ ഇറക്കുകയാണ് ജില്ലാനേതൃത്വം.
കേരളകോണ്‍ഗ്രസില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെങ്കിലും മുഹമ്മദ് ഇക്ബാല്‍ മണ്ഡലത്തില്‍ പുതുമുഖമല്ല. കഴിഞ്ഞതവണയും യുഡിഎഫ് രംഗത്തിറക്കയത് ഇക്ബാലിനെയാണ്. അഞ്ചുവര്‍ഷമായി മണ്ഡലത്തില്‍ തുടരുന്ന ഇക്ബാല്‍ ഇത്തവണ സീറ്റുപിടിക്കാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രചാരണത്തിലുളളത്.
ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുകുമാരന്‍ നായര്‍ രംഗത്തുളളത്. ക്രമാനുഗതമായ വോട്ട് വര്‍ദ്ധിപ്പിക്കുന്ന ബിജെപി, പ്രചാരണത്തിലും ഏറെ മുന്നേറിക്കഴിഞ്ഞു.
മണ്ഡലത്തിന്റെ വികസന മുരടിപ്പ് എന്‍ഡിഎ യുഡിഎഫ് മുന്നണികള്‍ പ്രചാരണ വിഷയമാക്കുമ്പോള്‍ വികസന തുടര്‍ച്ചയ്‌ക്കാണ് സിപിഎം ജനങ്ങളെ സമീപിക്കുന്നത്. താലൂക്ക് രൂപീകരണം, വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ പരിമിതികളും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമാക്കാനുളള ശ്രമത്തിലാണ് മൂന്നു മുന്നണികളും.