ന്യൂഡൽഹി: ഇന്നലെ വെളുപ്പിനുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിനു പകരമായി പുതിയതു നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഘ്യാപിച്ചു. ഡൽഹിയിൽ പ്രഗതി മൈതാനത്തോടു ചേർന്ന് 6.5 ഏക്കർ സ്ഥലത്തായിരിക്കും പുതിയ മ്യൂസിയം നിലവിൽ വരുക. 225 കോടിരൂപ ചിലവു പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിലുണ്ടായ നഷ്ടം പണം കൊണ്ട് കണക്കാക്കാൻ കഴിയുന്നതിനുമപ്പുറമാണെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു. 160 മില്യൺ വർഷങ്ങൾ പഴക്കമുളള ദൈനോസറിന്റെ ഫോസിൽ വരെ സൂക്ഷിക്കപ്പെട്ടിരുന്ന മ്യൂസിയമാണ് കത്തി നശിച്ചത്.
നൂറിലധികം അഗ്നിശമന സേനാ ഉദ്യോഗസ്ഥർ മൂന്നു മണിക്കൂറോളം കഠിനപ്രയത്നം ചെയ്താണ് തീയണച്ചത്. തീ പിടുത്തം തടയാനുളള അടിസ്ഥാന സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ ഇത്രയേറെ നഷ്ടമുണ്ടാവില്ലായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
തീപിടുത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും ഉറപ്പാക്കിയിട്ടില്ല. പ്രാഥമികാന്വേഷണത്തിൽ അട്ടിമറിസാദ്ധ്യതകളൊന്നും വെളിവായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
രാജ്യത്താകമാനമുളള 34 മ്യൂസിയങ്ങളിൽ അഗ്നിസുരക്ഷാസംവിധാനങ്ങൾ വിലയിരുത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിദിനം ആയിരക്കണക്കിന് സന്ദർശകർ വന്നു പോകുന്ന സ്ഥലങ്ങളാണിവയെല്ലാം.
1978ൽ സ്ഥാപിതമായ നാച്യുറൽ ഹിസ്റ്ററി മ്യൂസിയം നിരവധി വിദ്യാർത്ഥികൾക്ക് സഹായകമായിരുന്നു, വിവിധ തരം പൂമ്പാറ്റകളുടെയും, തവളകൾ, പാമ്പുകൾ, പല്ലികൾ തുടങ്ങിയവകളുടെയും മാതൃകകളും, പുലി, കടുവ ഇവകളെക്കുറിച്ചു പഠിക്കാനുളള സൗകര്യവും ഇവിടെയുണ്ടായിരുന്നു.