മുംബൈ: 15 ലക്ഷം വില വരുന്ന കൊക്കൈൻ ഒളിപ്പിച്ച ബെൽറ്റ് ധരിച്ചെത്തിയ ഘാന സ്വദേശി മുംബൈ എയർ പോർട്ടിൽ പിടിയിലായി. അകുഫോ നാന ആണ് പിടിയിലായത്.
മാന്യമായി വേഷം ധരിച്ചെത്തിയ ഇയാൾ ധരിച്ചിരുന്ന പ്രാകൃതമായ ബെൽറ്റ് ആണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനിൽ സംശയം ജനിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ബെൽറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന കൊക്കൈൻ കണ്ടെത്തിയത്. അഞ്ച് പായ്ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈൻ കണ്ടെത്തിയത്.
ഇയാൾ മുംബൈയിൽ നിന്നും കൊൽക്കത്തയിലേക്കു പോകുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ഇ.റ്റി.ഡി. മെഷീനിൽ പരിശോധിച്ചപ്പോൾ, പൊടിയിൽ 23% കൊക്കൈൻ സാന്നിദ്ധ്യം കണ്ടെത്തി.
മെറ്റൽ ഡിറ്റക്ടർ പോലെയുളള ആധുനിക സങ്കേതങ്ങളൊന്നും ഉപയോഗിക്കാതെ, പ്രവർത്തി പരിചയം ഒന്നു കൊണ്ടു മാത്രം ഈ കളളക്കടത്ത് കണ്ടെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ കാര്യക്ഷമത അഭിനന്ദനാർഹമാണെന്ന് മുതിർന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.