ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം രചിച്ച് ഭാരതം. ഇന്ത്യയുടെ ഗതിനിർണയ ശ്രേണിയിലെ അവസാന ഉപഗ്രഹമായ IRNSS 1 G വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ഉച്ചയ്‍ക്ക് 12.50നായിരുന്നു വിക്ഷേപണം.
IRNSS ശ്രേണിയിലെ ഏഴാമത്തെ ഉപഗ്രഹം കൂടി ഭ്രമണ പഥത്തിലെത്തുന്നതോടെ, ഇന്ത്യ ഗതി നിർണയ രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് നീങ്ങും. അമേരിക്കയുടെ ഗതി നിർണയ സംവിധാനമായ ജിപിആർഎസിനു ബദലായാണ് ഇന്ത്യ IRNSS വികസിപ്പിച്ചെടുത്തത്.
ഈ ശ്രേണിയിൽ പെട്ട ആറ് ഉപഗ്രഹങ്ങളാണ് ഇതുവരെ ഇന്ത്യ ഭ്രമണപഥത്തിൽ എത്തിച്ചത്. ഐആർഎൻഎസ്എസ് ഒന്ന് എ, ഒന്ന് ബി, ഒന്ന് സി, ഒന്ന് ഡി, ഒന്ന് ഇ, ഒന്ന് എഫ്, എന്നിവയാണ് വിജയകരമായി ഇന്ത്യ വിക്ഷേപിച്ചത്. 2013 മുതലാണ് ഈ വിക്ഷേപണങ്ങൾ ആരംഭിച്ചത്.
ഏഴാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ സൈനിക-വാർത്താവിനിമയ മേഖലകളിൽ രാജ്യം കൂടുതൽ കരുത്താർജ്ജിക്കും.
അമേരിക്കയെ കൂടാതെ റഷ്യ, ചൈന, യൂറോപ്പ് എന്നീ ശക്തികളാണ് സ്വന്തമായി ഗതി നിർണയ ഉപഗ്രഹങ്ങൾ വികസിപ്പിച്ചിട്ടുള്ളത്.