തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ ചോരയില്‍ മുക്കാനുള്ള ആസൂത്രിത നീക്കം സിപിഎം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ തെളിവാണ് നാദാപുരത്ത് ബോംബ് ഉണ്ടാക്കുന്നതിനിടെ 5 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റ സംഭവം. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്‍മാറണം.
കേരളം ആഗ്രഹിക്കുന്നത് സമാധാനമാണ്. കൊലക്കേസ് പ്രതിയായ പി ജയരാജന് കണ്ണൂരില്‍ പ്രവേശിക്കാന്‍ പറ്റാതെ വന്നതോടെ സിപിഎം ബോംബ് നിര്‍മ്മാണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിന് ബോംബിന്റെ ആവശ്യം എന്താണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ഫേസ്ബുക്കിലൂടെ നാട്ടുകാരെ മുഴുവന്‍ ഉപദേശിക്കുന്ന വിഎസ് അച്യുതാനന്ദന്‍ സ്വന്തം പാര്‍ട്ടിക്കാരെക്കൂടി ഉപദേശിക്കാന്‍ അല്‍പ്പം സമയം കണ്ടെത്തണം.
സിപിഎം അധികാരത്തിലെത്തിയാല്‍ എന്ത് സംഭവിക്കും എന്നുള്ളതിന്റെ സാംപിള്‍ ആണ് നാദാപുരത്തേത്. വേണ്ടി വന്നാല്‍ പോലീസ് സ്‌റ്റേഷന് മുന്നിലും ബോംബ് ഉണ്ടാക്കുമെന്ന് പറഞ്ഞ നേതാവ് നയിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.